Pravasam

അജ്മാൻ ലിവ ഈന്തപ്പഴ മേള സമാപിച്ചു

അജ്മാൻ> അജ്മാൻ വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിച്ച ഏഴാമത് അജ്മാൻ ലിവ ഈന്തപ്പഴ മേള സമാപിച്ചു. വെള്ളിയാഴ്ച ആരംഭിച്ച ഈന്തപ്പഴ മേള മൂന്ന് ദിവസങ്ങളിലായാണ് നടന്നത്. അജ്മാൻ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽനുഐമിയുടെ രക്ഷാകർതൃത്വത്തിലാണ് മേള നടന്നത്.

ഈന്തപ്പഴ കർഷകർ ഉത്പാദിപ്പിക്കുന്ന മികച്ച ഇനം പഴങ്ങളുടെ പ്രദർശനവും വിപണനവും ആണ് ഇത്തരം മേളകൾ കൊണ്ട് ലക്ഷ്യമിടുന്നത്. ഈന്തപ്പഴത്തിന് പുറമേ ഖോർഫക്കാനിൽ നിന്നുള്ള നാരങ്ങ, ബദാം, മാമ്പഴം എന്നിവയും മേളയിൽ പ്രദർശനത്തിന് ഉണ്ടായിരുന്നു. 400 ഓളം സ്റ്റാളുകളാണ് ഇത്തവണ മേളയിൽ പങ്കെടുത്തത്. മേളയുടെ ഭാഗമായി പരമ്പരാഗത ഭക്ഷണങ്ങളുടെ മത്സരങ്ങളും, ഈന്തപ്പന കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന സെമിനാറുകളും പ്രഭാഷണങ്ങളും നടന്നു. പുരാവസ്തുക്കളുടെ ലേലവും, ഈന്തപ്പഴം, തേൻ എന്നിവയുടെ ലേലവും മേളയോട് അനുബന്ധിച്ച് നടന്നു. ഈന്തപ്പനയുടെ തടി കൊണ്ടുള്ള വീട്ടു സാമാനങ്ങൾ മേളയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്നു. നിരവധി സ്വദേശികളാണ് മത്സരിച്ച് ഇവ വാങ്ങിക്കൊണ്ടു പോയത്. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് മൊത്തം 5 ലക്ഷത്തോളം ദിർഹം സമ്മാനത്തുകയായി വിതരണം ചെയ്തു.