Pravasam

ഇന്ത്യയിലേക്ക്‌ മൃതദേഹങ്ങൾ കൊണ്ടുപോകാൻ ജിസിസി രാജ്യങ്ങൾ കോവിഡ് പരിശോധന തുടരുന്നു; പ്രവാസികൾ ബുദ്ധിമുട്ടിൽ

മസ്കറ്റ് > ഒമാനടക്കമുള്ള ജിസിസി രാജ്യങ്ങൾകോവിഡ് മുക്തമായിട്ടും മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുപോകാൻ കോവിഡ് പരിശോധന തുടരുന്നത് പ്രയാസമുണ്ടാക്കുന്നുവെന്ന് സാമൂഹിക പ്രവർത്തകർ. കോവിഡ് വ്യാപന കാലത്ത് ആകാശയാത്രകൾക്ക് നിശ്ചിത മണിക്കൂറുകൾക്ക് മുൻപ് എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിച്ചാൽ മാത്രമേ യാത്രാനുമതി ലഭിക്കുമായിരുന്നുള്ളൂ. കോവിഡ് വ്യാപന തോത് കുറഞ്ഞതോടെ ഇന്ത്യ ഗവൺമെന്റ് യാത്രക്കാർക്ക് കോവിഡ് പ്രോട്ടോക്കോൾ സർട്ടിഫിക്കറ്റ് നിർബന്ധമല്ലാതാക്കി. അത് വലിയ ആശ്വാസമായാണ് പ്രവാസികൾ കണ്ടത്.

എന്നാൽ മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിനുള്ള നിയമത്തിൽ കോവിഡ് പരിശോധന ഫലം വേണമെന്ന നിയമത്തിൽ മാറ്റം വന്നിട്ടില്ല. എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ (അജഒഛ) നിർദ്ദേശം നിലവിൽ ഉള്ളതിന്റെ പേരിൽ കോവിഡ് പരിശോധന കൂടാതെ മൃതദേഹങ്ങൾ അയയ്ക്കാൻ ആവില്ല എന്ന് ഈ മേഖലയിലുള്ളവർ പറയുന്നു.

വിദേശത്ത് മരണപ്പെടുന്ന മൃതദേഹം നാട്ടിലേക്ക് അയക്കാൻ പരിശോധന ആവശ്യമാണ്. കോവിഡ് ഭീതി ഒഴിഞ്ഞിട്ടും ആ നിബന്ധന ഇപ്പോഴും പിൻവലിച്ചിട്ടില്ലെന്ന് ഒമാനിൽനിന്ന് മൃതദേഹം നാട്ടിലേക്ക് അയക്കാൻ സഹായം ചെയ്യുന്ന സാമൂഹ്യ പ്രവർത്തകർ പറഞ്ഞു. ഒമാനിൽ മരണപ്പെട്ട ആളുടെ എംബാമിങ് സാധാരണ നടക്കുന്നത് ഖുറത്തെ പൊലീസ് ആശുപത്രി മോർച്ചറിയിൽ ആണ്. അവിടുന്നു കോവിഡ് പരിശോധന നടത്തി മൃതദേഹങ്ങൾ കയറ്റി അയക്കുകയാണ് പതിവെന്ന് സാമൂഹ്യ പ്രവർത്തകൻ ഷാജി സെബാസ്റ്റ്യൻ പറയുന്നു. മരണപ്പെട്ട ആളുടെ തൂക്കം നൂറ് കിലോയിൽ കുറവാണെങ്കിൽ എംബാമിംഗ്, മൃതദേഹം അടക്കം ചെയ്യുന്ന പെട്ടി, എയർപോട്ടിലേക്കുള്ള ട്രാൻസ്പോർട്, പേപ്പർ വർക്ക്, കാർഗോ ചാർജ്, കോവിഡ് ടെസ്റ്റ് ഇങ്ങനെ എല്ലാ ചിലവുമടക്കം അറുനൂറ്റിനാൽപ്പത്(640) ഒമാനി റിയാൽ ആകും. ഇത് ഇന്ത്യൻ രൂപയിൽ ഒരുലക്ഷത്തി ഇരുപതിനായിരത്തിനു മുകളിൽ വരും.

എന്നാൽ, കഴിഞ്ഞ ദിവസം ഖൗല ആശുപത്രിയിൽ മൃതദേഹം എമ്പാമിങ് ചെയ്യേണ്ടി വന്നപ്പോൾ പുറത്തുനിന്നും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് സംഘടിപ്പിക്കേണ്ടി വരികയുണ്ടായി. അതും ചിലവിനത്തിൽ അധിക ബാധ്യത വരുത്തി വെക്കുന്നതായി പരാതിയുണ്ട് മരണങ്ങളും മറ്റും കൂടുന്നവേളയിൽ കോവിഡ് സർട്ടിഫിക്കറ്റ് കൂടി സംഘടിപ്പിക്കേണ്ടി വരുമ്പോഴുണ്ടാകുന്ന കാല താമസവും അധിക ചിലവും സാമൂഹ്യ പ്രവർത്തകർക്കും ബന്ധുക്കൾക്കും പ്രയാസങ്ങൾ സൃഷ്ട്ടിക്കുന്നതാണെന്ന് ഷാജി സെബാസ്റ്റ്യൻ പറഞ്ഞു. ഒമാനിൽ കോവിഡ് കേസുകൾ കുറഞ്ഞതിനെ തുടർന്ന് കഴിഞ്ഞ വർഷം മേയിൽ നിന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കിയിരുന്നു. സാധാരണ യാത്രക്കാർക്ക് ആകാശയാത്രയ്ക്ക് കോവിഡ് സർട്ടിഫിക്കറ്റ് ആവശ്യമല്ലെന്നിരിക്കെ മൃതദേഹത്തിന് കോവിഡ് പരിശോധനയുടെ ആവശ്യം ഇനിയും തുടരുന്നതിലെ അസാംഗത്യമാണ് സാമൂഹ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്.