Pravasam

‘കരുതലോടെ നോര്‍ക്ക’; സമന്വയ ഒരുക്കിയ മുഖാമുഖം ശ്രദ്ധേയമായി

ടൊറോന്റോ> കേരള സര്ക്കാരിന്റെ പ്രവാസിക്ഷേമ വകുപ്പ് വിദേശമലയാളികള്ക്കായി നടത്തുന്ന പ്രവര്ത്തനങ്ങള് വിശദമാക്കി കാനഡയിലെ പുരോഗമനസംഘടനയായ സമന്വയ കള്ച്ചറല് അസോസിയേഷന് “കരുതലോടെ നോർക്ക” എന്ന പ്രോഗ്രാം സംഘടിപ്പിച്ചു. നോര്ക്ക റസിഡന്റ് ചെയര്മാന് പി ശ്രീരാമകൃഷ്ണന്, സിഇഒ കെ ഹരികൃഷ്ണന് നമ്പൂതിരി എന്നിവര് നോര്ക്കയുടെ പ്രവര്ത്തനങ്ങള് വിശദീകരിക്കുകയും സംശയങ്ങള്ക്ക് മറുപടി നല്കുകയും ചെയ്തു. കാനഡയിലെ വിവിധ പ്രവിശ്യകളില്നിന്നുള്ള അസോസിയേഷന് പ്രതിനിധികള് ഉള്പ്പെടെ നിരവധിപേര് ഓണ്ലൈനായി സംഘടിപ്പിച്ച മുഖാമുഖത്തില് പങ്കെടുത്തു.

നോർക്കയുടെ പ്രവര്ത്തനങ്ങള് ലോകത്തിന്റെ ഏതെങ്കിലും കോണിലായി ഒതുങ്ങിനില്ക്കുന്നതല്ലെന്ന് ശ്രീരാമകൃഷ്ണന് പറഞ്ഞു. ഗള്ഫ് മേഖലയില് മാത്രമല്ല, യൂറോപ്പിലും അമേരിക്കയിലുമെല്ലാം നോര്ക്കയുടെ പ്രവാസിക്ഷേമ പദ്ധതികള് നടപ്പിലാക്കിയിട്ടുണ്ട്. കാനഡ ഉള്പ്പെടെയുള്ള രാജ്യങ്ങളിലേക്ക് വലിയ തോതിലാണ് മലയാളികള് ചേക്കേറുന്നത്. നോര്ക്കയുടെ ക്ഷേമപദ്ധതികള് പ്രയോജനപ്പെടുത്താന് പ്രവാസിമലയാളികള് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസി മലയാളികൾക്കായി നോര്ക്ക നടത്തുന്ന നിരവധിയായ പ്രവർത്തനങ്ങളെ കാനഡയിലെ മലയാളികൾക്ക് പരിചയപ്പെടുത്തിയ പരിപാടി വ്യത്യസ്തവും വിജ്ഞാനപ്രദവുമായിരുന്നു. വിദേശങ്ങളിലുള്ള മലയാളികളും അവരുടെ അസോസിയേഷനുകളും നോര്ക്കയില് രെജിസ്റ്റര് ചെയ്യേണ്ടതിന്റെ ആവശ്യകതയും ചര്ച്ചയ്ക്ക് വിഷയമായി.

സമന്വയ സെക്രട്ടറി പ്രദീപ് ചേന്നംപള്ളില് അദ്ധ്യക്ഷനായ യോഗത്തില് ജോയിൻറ് സെക്രട്ടറി സൂരജ് അത്തിപ്പറ്റ സ്വാഗതവും കമ്മറ്റി അംഗം പോൾ ടി ജോർജ് നന്ദിയും പറഞ്ഞു.

വിവിധ മലയാളി അസ്സോസ്സിയേഷനുകളെ പ്രതിനിധീകരിച്ച് റോയ് ജോര്ജ്, ലിനോ ജോസഫ്, സോണി മണിയങ്ങാട്ട്, കുര്യന് പ്രക്കാനം, ജോജി ജോണ്, ടോം ജോസഫ് പുലിക്കുന്നേൽ, , തോമസ് ജോർജ്, മുഹമ്മദ് സലീം, പ്രസ്സി, ഉല്ലാസ് എബ്രഹാം, ജോഷി മാടശേരില്, പ്രിയ രമേഷ്, പ്രിന്സ് ജോര്ജ് തുടങ്ങിയവര് പങ്കെടുത്തു.