Pravasam

കുതിപ്പിന്‌ കരുത്തേകാൻ 4 സ്‌റ്റേഡിയം; ഉദ്‌ഘാടനം 28ന്‌

തിരുവന്തപുരം> കായിക കേരളത്തിന്റെ കുതിപ്പിന് കരുത്തേകാൻ സംസ്ഥാനസർക്കാർ തയ്യാറാക്കിയ നാല് സ്റ്റേഡിയം മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച നാടിന് സമർപ്പിക്കും. തൃശൂർ ജില്ലയിലെ കൈപ്പറമ്പ്, കുന്നംകുളം, കണ്ണൂരിലെ പിലാത്തറ, പാലക്കാട്ടെ കണ്ണമ്പ്ര സ്റ്റേഡിയങ്ങളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. കായികമന്ത്രി ഇ പി ജയരാജൻ അധ്യക്ഷനാകും.

കായികവകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചണ് നിർമിച്ചത്. കുന്നംകുളം ഗവൺമെന്റ് മോഡൽ ഹയർസെക്കൻഡറി സ്കൂളിന്റെ കളിസ്ഥലം 5.08 കോടി രൂപ മുടക്കിയാണ് രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തിയത്. സ്വാഭാവിക പുൽത്തകിടിയോടുകൂടിയ ഫുട്ബോൾ മൈതാനവും ഗ്യാലറിയും അനുബന്ധ സൗകര്യങ്ങളും ഒരുക്കി. അടുത്ത ഘട്ടത്തിൽ ‘ഖേലോ ഇന്ത്യ’യിൽ ഉൾപ്പെടുത്തി സിന്തറ്റിക് ട്രാക്ക് അടക്കം കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും.

5 കോടി രൂപ മുടക്കി നിർമാണം പൂർത്തിയാക്കിയ കണ്ണമ്പ്ര പഞ്ചായത്ത് സ്റ്റേഡിയത്തിൽ സെവൻസ് സിന്തറ്റിക് ഫുട്ബോൾ ടർഫ്, സിന്തറ്റിക് അക്രലിക് പ്രതലത്തോടുകൂടിയ വോളിബോൾ കോർട്ട്, ഷട്ടിൽ ബാഡ്മിന്റൺ കോർട്ട്, അത്ലറ്റിക് പരിശീലന ട്രാക്ക്, ലോങ് ജമ്പ് പിറ്റ്, എൽഇഡി ഫ്ളഡ് ലൈറ്റ് സംവിധാനങ്ങളുണ്ട്.

94 കോടി രൂപ മുതൽമുടക്കിയാണ് കൈപ്പറമ്പ് ഇ എം എസ് മെമ്മോറിയൽ മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം നവീകരിച്ചത്. ബാസ്കറ്റ്ബോൾ കോർട്ട്, നാല് ഷട്ടിൽ ബാഡ്മിന്റൺ കോർട്ട്, എൽഇഡി ഫ്ളഡ് ലൈറ്റ് അടങ്ങുന്നതാണ് ഈ സ്റ്റേഡിയം. നിലവിലെ കെട്ടിടത്തിന്റെ സ്റ്റീൽ സ്ട്രക്ച്ചർ പണികൾ, റൂഫിങ്, അക്വസ്റ്റിക്സ്, ഫ്ളോറിങ് പണികൾ, ടോയ്ലറ്റ് – ചെയ്ഞ്ചിങ് റൂമുകളുടെ നിർമാണം പൂർത്തിയാക്കി. വഴിവിളക്ക് അടക്കമുള്ള ഇലക്ട്രിക്കൽ പ്രവൃത്തികളും പൂർത്തിയായി.

പിലാത്തറ ഇൻഡോർ സ്റ്റേഡിയത്തിൽ ബാസ്കറ്റ്ബോൾ, വോളിബോൾ കോർട്ടുകളും നാല് ഷട്ടിൽ ബാഡ്മിന്റൺ കോർട്ടും സജ്ജീകരിച്ചു. ഇതുപ്പെടെയുള്ള പ്രവൃത്തികൾക്ക് 1.82 കോടി രൂപ ചെലവഴിച്ചു.

കിഫ്ബി വഴി 1000 കോടിയുടെ വികസനപ്രവർത്തനങ്ങളാണ് കായികവകുപ്പ് നടപ്പാക്കുന്നത്. 14 ജില്ലാ സ്റ്റേഡിയവും പഞ്ചായത്തിൽ ഒരു കളിസ്ഥലം എന്ന ലക്ഷ്യത്തോടെ ഒരുങ്ങുന്ന 43 സ്റ്റേഡിയവും കായിക മുന്നേറ്റത്തിന് ഊർജമാകും. താരങ്ങൾക്കൊപ്പം പ്രദേശവാസികൾക്കും വിദ്യാർഥികൾക്കും ഇവിടെ പരിശീലനം നടത്താം.