Kerala

പൊളിച്ചുപണിയാം ; സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ചു

ന്യൂഡൽഹി
നിർമാണത്തിലെ അഴിമതി കാരണം അപകടാവസ്ഥയിലായ പാലാരിവട്ടം മേൽപ്പാലം പൊളിച്ചുപണിയാൻ സുപ്രീംകോടതിയുടെ അനുമതി. പൊതുതാൽപ്പര്യം കണക്കിലെടുത്ത് പാലം പൊളിച്ചുപണിയാൻ അനുവദിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം ജസ്റ്റിസ് ആർ എഫ് നരിമാൻ അധ്യക്ഷനായ മൂന്നംഗബെഞ്ച് അംഗീകരിച്ചു. പാലം പൊളിക്കുന്നതിനുമുമ്പ് ഭാരപരിശോധന നടത്തണമെന്ന കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.

വിദഗ്ധസമിതി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനസർക്കാർ നയപരമായെടുത്ത തീരുമാനത്തിൽ ഹൈക്കോടതി ഇടപെട്ടത് ശരിയായില്ലെന്ന് ജസ്റ്റിസുമാരായ നവീൻ സിൻഹ, ഇന്ദിരാ ബാനർജി എന്നിവർ അംഗങ്ങളായ ബെഞ്ച് വിമർശിച്ചു. ജനങ്ങളുടെ ക്ഷേമം മുൻനിർത്തിയാണ് പാലം പൊളിച്ചുപണിയാൻ സർക്കാർ തീരുമാനിച്ചത്. ചെന്നൈ ഐഐടി, ചീഫ് എൻജിയർമാരുടെ ഉന്നത സമിതി, റോഡ്ഗതാഗത ഹൈവേ മന്ത്രാലയം വിദഗ്ധൻ തുടങ്ങിയവരുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പാലം പൊളിച്ചുപണിയാൻ തീരുമാനിച്ചതിൽ തെറ്റില്ല. എത്രയും പെട്ടെന്ന് തുടർനടപടികളുമായി മുന്നോട്ടുപോകാനും കോടതി നിർദേശിച്ചു.

ഇ ശ്രീധരൻ നടത്തിയ ചില അഭിപ്രായങ്ങളുടെ പേരിലാണ് പാലം പൊളിക്കാൻ സർക്കാർ തീരുമാനിച്ചതെന്ന് നിർമാതാക്കളായ ആർഡിഎസ് കമ്പനിയുടെ അഭിഭാഷകൻ കോൺഗ്രസ് വക്താവ് മനു അഭിഷേക് സിങ്വി വാദിച്ചു. ശ്രീധരന്റെ ഈഗോയും ചിലരുടെ രാഷ്ട്രീയതാൽപ്പര്യവുമാണ് തീരുമാനത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. പാലം കൺസൾട്ടന്റായ കിറ്റ്കോയുടെ അഭിഭാഷകൻ അഡ്വ. ഗോപാൽ ശങ്കരനാരായണനും ഈ ആരോപണങ്ങളെ പിന്തുണച്ചു.
രാജ്യത്തെ ഏറ്റവും പ്രതിഭാധനനായ എൻജിനിയറിങ് വിദഗ്ധൻ ഇ ശ്രീധരനെ അവഹേളിക്കുന്ന പരാമർശങ്ങൾ പ്രതിഷേധാർഹമാണെന്ന് കേരളത്തിനുവേണ്ടി ഹാജരായ അറ്റോർണിജനറൽ കെ കെ വേണുഗോപാൽ തിരിച്ചടിച്ചു.

പുതുതായി നിർമിക്കുന്ന പാലം 100 വർഷമെങ്കിലും നിലനിൽക്കുമെന്ന് വിദഗ്ധർ ഉറപ്പുനൽകിയിട്ടുണ്ടെന്നും ഏജി അറിയിച്ചു. പാലം പൊളിക്കുന്നത് കമ്പനിയുടെ അവകാശങ്ങളെ നിഷേധിക്കുന്നതിന് തുല്യമാണെന്ന ആർഡിഎസ് കമ്പനിയുടെ വാദത്തെ സുപ്രീംകോടതി പരിഹസിച്ചു. ‘ഒരു കൊല്ലംകൊണ്ട് ഇത്രയും വിള്ളലുകൾ വീണ പാലത്തിന്റെ കരാറുകാർക്ക് എന്ത് അവകാശമാണ് ഉന്നയിക്കാനുള്ളത് ?’–- കോടതി ചോദിച്ചു. സംസ്ഥാനസർക്കാരിനുവേണ്ടി ഏജിക്കൊപ്പം സ്റ്റാൻഡിങ് കോൺസൽ ജി പ്രകാശും ഹാജരായി.

കമ്പിയില്ല,സിമന്റുമില്ല; അസ്സൽ പഞ്ചവടിപ്പാലം
കൊച്ചി
യുഡിഎഫ് ഭരണത്തിൽ പാലാരിവട്ടത്ത് പണിതത് അസ്സൽ പഞ്ചവടിപ്പാലം. തുറന്ന് രണ്ടരവർഷത്തിനുള്ളിൽ പാലം ബലക്ഷയത്താൽ അടച്ചു. വിജിലൻസ് അന്വേഷണത്തിൽ പ്രതിയായത് പൊതുമരാമത്തുമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞും ഉദ്യോഗസ്ഥരും. നിർമാണകരാറുകാരും കൂട്ടുപ്രതികളായി.

ഉമ്മൻചാണ്ടി സർക്കാർ സ്പീഡ് പദ്ധതിയിൽപ്പെടുത്തി 2013ലാണ് പാലാരിവട്ടം മേൽപ്പാലം നിർമാണത്തിന് പദ്ധതി തയ്യാറാക്കിയത്. ദേശീയപാത അതോറിറ്റി നിർമിക്കേണ്ട പാലത്തിന്റെ നിർമാണം സംസ്ഥാന സർക്കാർ ഏറ്റെടുത്തത് വിവാദമായിരുന്നു. 2016 ഒക്ടോബർ 12ന് പാലം ഗതാഗതത്തിന് തുറന്നു. ആഴ്ചകൾക്കുള്ളിൽ ടാറിങ് അപ്പാടെ ഇളകിപ്പോയി പാലം സഞ്ചാരയോഗ്യമല്ലാതായി. വാഹനങ്ങൾ പോകുമ്പോൾ പാലം ഇളകി വലിയ ശബ്ദമുയർന്നു തുടങ്ങി. തുടർന്ന് 2018 ആഗസ്തിൽ മദ്രാസ് ഐഐടിയെ പരിശോധനയ്ക്ക് നിയോഗിച്ചു.

അഴിമതി അന്വേഷിക്കാൻ എൽഡിഎഫ് സർക്കാർ 2019 മേയിൽ ഉത്തരവിട്ടു. 47 കോടിരൂപ വകയിരുത്തിയ പാലം നിർമാണം കുറഞ്ഞ തുകയ്ക്ക് കരാർ കൊടുത്തതുമുതൽ കരാറുകാരെ തെരഞ്ഞെടുത്തതിലും അനധികൃതമായി മുൻകൂർ പണം അനുവദിച്ചതിലും ആസൂത്രിത അഴിമതി നടന്നതായി വിജിലൻസ് കണ്ടെത്തി. പൊതുമരാമത്ത് മുൻ സെക്രട്ടറി ടി ഒ സൂരജ്, കരാർ കമ്പനി ഉദ്യോഗസ്ഥനായ സുമിത് ഗോയൽ, ആർബിഡിസികെ അസിസ്റ്റന്റ് ജനറൽ മാനേജരായിരുന്ന എം ടി തങ്കച്ചൻ, കിറ്റ്കോ ജോയിന്റ് ജനറൽ മാനേജർ ബെന്നി പോൾ എന്നിവർ അറസ്റ്റിലായി. ടി ഒ സൂരജിന്റെ മൊഴിയിൽ മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ അഞ്ചാംപ്രതിയാക്കി. മൂന്നുവട്ടം ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്തു. മന്ത്രിയുടെ ഉത്തരവനുസരിച്ചാണ് കരാറുകാരന് 8.25 കോടി രൂപ മുൻകൂർ നൽകിയതെന്നായിരുന്നു സൂരജിന്റെ മൊഴി.