Pravasam

സ്ത്രീ തൊഴിലാളികളുടെ പ്രശ്ന പരിഹാരത്തിന് അതിവേഗ സെൽ രൂപീകരിക്കുക : കേളി കുടുംബവേദി

റിയാദ് > സ്ത്രീ തൊഴിലാളികളുടെ പ്രശ്നങ്ങൾ വേഗത്തിൽ തീർപ്പാക്കുന്നതിന് സൗദി മന്ത്രാലയവുമായി സഹകരിച്ച് അതിവേഗ പ്രശ്ന പരിഹാരസെൽ രൂപീകരിക്കാൻ ഇന്ത്യൻ എംബസി മുൻകൈ എടുക്കണമെന്ന് കേളി കുടുംബവേദി സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. തൊഴിൽ വിസയിൽ സൗദിയിലെത്തുന്ന സ്ത്രീകൾ നിരവധി തൊഴിൽ നിയമ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. എന്നാൽ അത്തരം കേസുകൾ സ്പോൺസർമാരുടെ നിസ്സഹകരണം മൂലവും നിയമത്തിന്റെ നൂലാമാലകളാലും അനന്തമായി നീണ്ടുപോകുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. ഈ കാലയളവിൽ അവർ നേരിടുന്നത് ഭക്ഷണം, താമസം അടക്കമുള്ള നിരവധിയായ പ്രശ്നങ്ങളാണ്. സൗദിയിലെ പ്രത്യേക സാഹചര്യത്തിൽ ഇത്തരം വിഷയങ്ങളെ സ്ത്രീ എന്ന പരിമിതിയിൽ നിന്നുകൊണ്ട് നേരിടുമ്പോൾ അവർ കടുത്ത മാനസിക സമ്മർദത്തിന് അടിമപ്പെടുന്ന സ്ഥിതി ഉടലെടുക്കുന്നു പ്രമേയം ചൂണ്ടിക്കാട്ടി.

കേളി കുടുംബവേദിയുടെ ഒന്നാം കേന്ദ്ര സമ്മേളനം മല്ലു സ്വാരാജ്യം നഗറിൽ നടന്നു. ദമാം നവോദയ കുടുംബവേദി പ്രസിഡന്റും ലോക കേരളസഭ അംഗവുമായ നന്ദിനി മോഹൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഷൈനി അനിലിൽ ആമുഖ പ്രസംഗം നടത്തിയ സമ്മേളനത്തിൽ ഷിനി നസീർ താൽക്കാലിക അധ്യക്ഷയായി. നീന രക്തസാക്ഷി പ്രമേയവും, ലീന കോടിയത്ത് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഫസീലാ നസീർ സ്വാഗതം പറഞ്ഞു. സീബ കൂവോട് പ്രവർത്തന റിപ്പോർട്ടും, ശ്രീഷ സുകേഷ് വരവ് ചെലവ് കണക്കും സജീന വി.എസ് ഭരണഘടന കരടും അവതരിപ്പിച്ചു. സീബാ കൂവോട്, ശ്രീഷ സുകേഷ് എന്നിവർ ചർച്ചകൾക്കുള്ള മറുപടി പറഞ്ഞു. കുടുംബവേദിയുടെ ഭരണഘടനയും ലോഗോയും സമ്മേളനം അംഗീകരിച്ചു.

കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖ് കുടുംബവേദി ലോഗോ പ്രകാശനം ചെയ്തു. പ്രിയ വിനോദ് പ്രസിഡന്റ്, സീബാ കൂവോട് സെക്രട്ടറി, ശ്രീഷാ സുകേഷ് ട്രഷറർ, വൈസ് പ്രസിഡന്റ്മാരായി സജീന വി.എസ്, സുകേഷ് കുമാർ, ജോയിന്റ് സെക്രട്ടറിമാരായി ഫസീല നസീർ, സിജിൻ കൂവള്ളൂർ, ജോയിന്റ് ട്രഷററായി ഷിനി നസീർ, സെക്രട്ടറിയേറ്റ് അംഗമായി ജയരാജ് എന്നിവരെ ഭാരവാഹികളായി സമ്മേളനം തിരഞ്ഞെടുത്തു. ഷിനി നസീർ, സിജിൻ കൂവള്ളൂർ, ദീപ വാസുദേവ് (പ്രസീഡിയം) ശ്രീഷാ സുകേഷ്, സീബാ കൂവോട്, സജീന വി.എസ്, ഫസീല നസീർ, രജീഷ് പിണറായി (സ്റ്റിയറിങ്), സുകേഷ് കുമാർ, ലീന കോടിയത്ത്, ഷൈനി അനിൽ (മിനുട്സ്), ദീപ രാജൻ, നസീർ മുള്ളൂർക്കര, സിന്ധു ഷാജി (പ്രമേയം), ഡോക്ടർ നജീന, വിദ്യ ജി.പി, ജയകുമാർ (ക്രഡൻഷ്യൽ) എന്നിവരടങ്ങിയ വിവിധ സബ്കമ്മറ്റികൾ സമ്മേളന നടപടികൾ നിയന്ത്രിച്ചു.

കേളി കുടുംബവേദിയുടെ പുതിയ ഭാരവാഹികൾ -  പ്രിയ വിനോദ് (പ്രസിഡന്റ്), സീബാ കൂവോട് (സെക്രട്ടറി), ശ്രീഷാ സുകേഷ് (ട്രഷറർ)

കേളി കുടുംബവേദിയുടെ പുതിയ ഭാരവാഹികൾ – പ്രിയ വിനോദ് (പ്രസിഡന്റ്), സീബാ കൂവോട് (സെക്രട്ടറി), ശ്രീഷാ സുകേഷ് (ട്രഷറർ)

വിനി ബിജു, വിജില ബിജു, രജീഷ നിസ്സാം, ഇന്ദു മോഹൻ, ആരിഫ ഫിറോസ്, ഷൈനീ അനിൽ എന്നിവർ അവതരിപ്പിച്ച പ്രമേയങ്ങൾ സമ്മേളനം പാസാക്കി. ലഹരി മാഫിയ സംഘങ്ങളെ ഉന്മൂലനം ചെയ്യുക, ജൻഡർ ന്യൂട്രാലിറ്റി നടപ്പിൽ വരുത്തുക, പ്രവാസി വിഷയങ്ങളിൽ എംബസി കൂടുതൽ ശ്രദ്ധ ചെലുത്തുക, ബിൽക്കീസ് കേസ് പ്രതികളെ വിട്ടയച്ച നടപടി പുനഃപരിശോധിക്കുക, തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ പോകുന്ന നിയന്ത്രണങ്ങൾ അവസാനിപ്പിക്കുക എന്നിവയാണ് മറ്റ് പ്രമേയങ്ങൾ.

ഡോക്ടർ നജീന ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. കേളി രക്ഷാധികാരി സമിതി അംഗങ്ങളായ സതീഷ് കുമാർ, ടി.ആർ സുബ്രഹ്മണ്യൻ, ചന്ദ്രൻ തെരുവത്ത് എന്നിവർ സംസാരിച്ചു. വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സീബാ കൂവോട് നന്ദി പറഞ്ഞു.