Politics

ആളുന്നു രോഷം; അടിച്ചമർത്തലിനെ നേരിട്ടും കർഷകർ തെരുവിൽ

ന്യൂഡൽഹി > കർഷകവിരുദ്ധ ബില്ലുകൾക്കെതിരെ പഞ്ചാബിലും ഹരിയാനയിലും ദിവസങ്ങളായുള്ള പ്രക്ഷോഭം തുടരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി കർഷകർ പലയിടത്തും ട്രാക്ടറുകൾക്ക് തീയിട്ടു. ലാത്തി വീശിയും ജലപീരങ്കി ഉപയോഗിച്ചും പൊലീസ് കർഷകരെ നേരിട്ടു.

കർഷക പ്രക്ഷോഭം രാജ്യത്തിന്റെ കൂടുതൽ മേഖലകളിലേക്ക് പടരുകയാണ്. പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനുള്ള ശ്രമങ്ങളെ അവഗണിച്ച് വിവിധ സംസ്ഥാനങ്ങളിൽ കർഷകർ തെരുവിൽ അണിചേർന്നു. അഖിലേന്ത്യാ കിസാൻസഭ, സംയുക്ത കർഷക പ്രക്ഷോഭവേദിയായ അഖിലേന്ത്യാ കിസാൻ സംഘർഷ് കോ–-ഓർഡിനേഷൻ കമ്മിറ്റി തുടങ്ങി വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം. രാജസ്ഥാനിലെ ഹനുമാൻഗഢിൽ ആയിരത്തിലധികം കർഷകർ അണിനിരന്ന പ്രതിഷേധസംഗമം നടന്നു. കർഷകർക്ക് ഐക്യദാർഢ്യവുമായി സിഐടിയുവിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ പ്രതിഷേധറാലി നടത്തി. സംയുക്തസമിതിയുടെ നേതൃത്വത്തിൽ ബംഗളൂരുവിൽ പ്രതിഷേധറാലി നടന്നു. കിസാൻസഭ പ്രസിഡന്റ് അശോക് ധാവ്ളെ പങ്കെടുത്തു.

തമിഴ്നാട്ടിൽ സിപിഐ എം നേതൃത്വത്തിൽ സംസ്ഥാന സെക്രട്ടറിയറ്റിലേക്ക് മാർച്ച് നടത്തി. നൂറുകണക്കിന് കർഷകർ അണിനിരന്നു. മാർച്ച് വഴിയിൽ തടഞ്ഞ പൊലീസ് നിരവധി കർഷകരെ അറസ്റ്റുചെയ്തു. സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ കർഷകർ കോലം കത്തിച്ചു.

ഡിഎംകെയുടെ നേതൃത്വത്തിൽ ചേർന്ന സർവകക്ഷി യോഗം 28ന് പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചു. 25ന് കർഷക സംഘടനകൾ ആഹ്വാനംചെയ്ത റോഡ് ഉപരോധമടക്കമുള്ള പ്രക്ഷോഭ പരിപാടികൾക്ക് യോഗം പിന്തുണ പ്രഖ്യാപിച്ചു.