Pravasam

ഇന്നസെന്റിന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രവാസിസംഘടനകൾ

കുവൈറ്റ് സിറ്റി > സിനിമാ താരവും മുൻ എംപിയുമായിരുന്ന ഇന്നസെന്റിന്റെ നിര്യാണത്തിൽ പ്രസാവി സംഘടനകൾ അനുശോചിച്ചു. വ്യത്യസ്തമായ ഭാഷാ ശൈലിയും അഭിനയ മികവുംകൊണ്ട് മലയാള ചലച്ചിത്ര രംഗത്ത് നിറഞ്ഞു നിന്നിരുന്ന കലാകാരന് എന്നതിനപ്പുറം ഇന്നസെന്റ് സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലും നിറസാന്നിദ്ധ്യമായിരുന്നു എന്ന് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

എക്കാലവും ഇടതുപക്ഷ നിലപാടിലുറച്ച് നിന്നിരുന്ന അദ്ദേഹം 2014 ലെ ലോക്സഭാ ഇലക്ഷനിൽ ചാലക്കുടി മണ്ഡലത്തിൽ മത്സരിച്ച് ലോക്സഭയിലെത്തിയതും , സ്വതസിദ്ധമായ ശൈലിയിൽ നടത്തിയ പ്രസംഗങ്ങളും , എംപിയെന്ന നിലയിൽ അദ്ദേഹം നടത്തിയ പാർലമെന്ററി പ്രവർത്തനങ്ങളും ഇന്നസെന്റിനെ സിനിമാരംഗത്തും രാഷ്ട്രീയ രംഗത്തും വേറിട്ട് നിർത്തി .കലയോടും രാഷ്ട്രീയത്തോടും അങ്ങേയറ്റം ആത്മാർത്ഥത പുലർത്തുകയും സമൂഹത്തോട് പ്രതിബദ്ധതയുണ്ടായിരിക്കുകയും ചെയ്തിരുന്ന ഇന്നസെന്റിന്റെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും കല കുവൈറ്റ് പ്രസിഡന്റ് ശൈമേഷ് കെകെ , ജനറൽ സെക്രട്ടറി രജീഷ് സി എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

റിയാദ് കേളി കലാസാംസ്കാരിക വേദി

റിയാദ് > മലയാളികളുടെ പ്രിയ നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ നിര്യാണത്തിൽ റിയാദ് കേളി കലാസാംസ്കാരിക വേദി അനുശോചിച്ചു.

തന്റെ അഭിനയപാടവം കൊണ്ട് കാണികളെ ഒരേസമയം വിസ്മയിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരു നടനെയാണ് സാംസ്കാരിക കേരളത്തിന് നഷ്ടപ്പെട്ടിരിക്കുന്നത്. എന്നും ഇടതുപക്ഷത്തോടൊപ്പം ഉറച്ചു നിന്നും, തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തിന്റെ വിജയത്തിനായി പ്രവർത്തിച്ച ഇന്നസെൻറ്, ലോകസഭാംഗം എന്ന നിലയിൽ വളരെ മികച്ച പ്രവർത്തനമാണ് കാഴ്ചവച്ചിട്ടുള്ളത്. എംപിമാർക്കുള്ള ഫണ്ട് ഉപയോഗപ്പെടുത്തുന്നതിൽ അദ്ദേഹം കാണിച്ച ശുഷ്കാന്തി എടുത്തു പറയേണ്ടതാണ്.

കേരളത്തിൻറെ സാംസ്കാരിക രംഗത്തിനും സിനിമ രംഗത്തിനും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും ഇന്നസെൻറിന്റെ വിയോഗം ഒരു തീരാനഷ്ടം തന്നെയാണെന്ന് കേളി സെക്രട്ടറിയറ്റിന്റെ അനുശോചന കുറിപ്പിൽ പറഞ്ഞു.