Pravasam

എൻ രതീന്ദ്രന്റെ പുസ്‌തകങ്ങളുടെ വായനാനുഭവം പങ്കുവെച്ച് ചില്ലയുടെ മെയ് മാസ വായന

റിയാദ്> കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ നിർവാഹകസമിതി അംഗവും എഴുത്തുകാരനുമായ എൻ രതീന്ദ്രൻ എഴുതിയ ‘നവോത്ഥാനം പുതിയ വർത്തമാനം’, ‘നവോത്ഥാനം ഇരുപതാം നൂറ്റാണ്ട്’ എന്നീ കൃതികളുടെ വായനാനുഭവം പങ്കുവച്ചുകൊണ്ട് റിയാദിലെ ചില്ലയുടെ മെയ്മാസ വായന നടന്നു. രണ്ടുപുസ്തകങ്ങളുടെയും അവതരണം ഗ്രന്ഥകാരന്റെ സാന്നിദ്ധ്യത്തിൽ ഷിഹാബ് കുഞ്ചീസാണ് നടത്തിയത്. കേരളത്തിന്റെ സാമൂഹ്യ പരിവർത്തനത്തിന് ചുക്കാൻ പിടിച്ച യുഗപരിവർത്തന ശില്പികളെ വിശദീകരിക്കുന്ന ‘നവോത്ഥാനം ഇരുപതാം നൂറ്റാണ്ട്’ എന്ന കൃതി ശ്രീനാരായണ ഗുരു, അയ്യങ്കാളി, പണ്ഡിറ്റ് കറുപ്പൻ എന്നിവരോടൊപ്പം വൈകുണ്ഠസ്വാമി, പൊയ്കയിൽ അപ്പച്ചൻ തുടങ്ങിയ നിരവധി പേരുടെ സമരങ്ങളെ അനുസ്മരിക്കുന്നുണ്ടെന്ന് അവതാരകൻ പറഞ്ഞു. വൈകുണ്ഠസ്വാമി തുടങ്ങിവെച്ച ‘സമത്വ സമാജം’ മുതൽ ആധുനിക കേരളത്തിന്റെ രൂപീകരണം വരെയുള്ള ചരിത്രത്തിലേക്കും ചരിത്ര നായകരിലേക്കുമുള്ള സഞ്ചാരമാണ് ഈ കൃതി. ‘ഇരുപതാം നൂറ്റാണ്ട് പുതിയ വർത്തമാനം’ എന്ന കൃതി നവോത്ഥാനത്തിന്റെ വർത്തമാനാവസ്ഥയെ ചർച്ച ചെയ്യുന്ന പല എഴുത്തുകാരുടെ ലേഖനങ്ങളുടെ സമാഹാരമാണ്.

ലോകകവിതയിലെ ആധുനികതയുടെ ഉദ്ഘാടകനായ ടി.എസ്.എലിയറ്റിന്റെ പ്രസിദ്ധമായ ‘ദി വേസ്റ്റ്ലാൻഡ്’ എന്ന കവിതയുടെ വായനാനുഭവം അഖിൽ ഫൈസൽ അവതരിപ്പിച്ചു. രചനയിൽ വിവിധ മനുഷ്യാവസ്ഥകളെ വിശകലനം ചെയ്യുന്ന കാവ്യരീതി അതുവരെയുള്ള കാവ്യബോധത്തെ തകിടം മറിച്ചെന്നും അത് പുതിയ ഭാവുകത്വം സൃഷ്ടിച്ചുവെന്നും അവതാരകൻ നിരീക്ഷിച്ചു. ആധുനിക മനുഷ്യന്റെ ജീവിതസമസ്യകളെ ദാർശനികമായ അന്വേഷണങ്ങളിലൂടെ അവതരിപ്പിച്ച കൃതി നിരന്തരമായ വായനയ്ക്ക് പ്രേരിപ്പിക്കുന്ന ഒന്നാണ്.

ഡോ. പി കെ ഗോപൻ എഴുതിയ ‘പെണ്ണിടം, മതം, മാർക്സിസം’ എന്ന സാമൂഹ്യ വിശകലന ഗ്രന്ഥത്തിന്റെ വായനാനുഭവം വി കെ ഷഹീബ സദസിൽ പങ്കുവെച്ചു. പുരാണങ്ങളും പൗരോഹിത്യവും ചേർന്ന് ശാശ്വതീകരിക്കുന്ന ലിംഗവിവേചനത്തെ ഈ കൃതി വിചാരണ ചെയ്യുന്നു എന്ന് അവതാരക വിശദീകരിച്ചു. സാമൂഹ്യയാഥാർഥ്യത്തെ വസ്തുനിഷ്ഠമായി പരിശോധിച്ചുകൊണ്ട് ഫെമിനിസവും മാർക്സിസവും പരസ്പരപൂരകങ്ങളായി വികസിക്കേണ്ടതാണ് എന്ന് സമർത്ഥിക്കുന്ന കൃതി വിശേഷിച്ച് ഓരോ പുരുഷനും വായിച്ചിരിക്കേണ്ടതാണ് എന്ന അഭിപ്രായവും പങ്കുവെച്ചു.

വായനാനുഭവങ്ങൾക്കു ശേഷം എൻ രതീന്ദ്രൻ കേരളീയ നവോത്ഥാനശില്പികളെ കുറിച്ച് പ്രഭാഷണം നടത്തി. മുഖ്യധാരാപഠനങ്ങളിൽ നിന്ന് നമ്മൾ അറിഞ്ഞ സാമൂഹ്യ വിപ്ലവകാരികൾക്കൊപ്പം വിസ്മരിക്കപ്പെട്ട വൈകുണ്ഠസ്വാമി, കുമാരഗുരു, വക്കം അബ്ദുൽ ഖാദർ മൗലവി എന്നിവർ അടക്കമുള്ളവരെ കൂടി ചർച്ച ചെയ്താലേ നവോത്ഥാന ചരിത്രം നീതിയുക്തമാകൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതീക്ഷയോടെ നമ്മൾ കണ്ട നവോത്ഥാന ശ്രമങ്ങൾ നമ്മൾ വീണ്ടും തുടങ്ങേണ്ട അവസ്ഥയിലേക്ക് ഇന്ത്യ തന്നെ എത്തിച്ചേർന്നിരിക്കുന്നു എന്ന ഖേദവും അദ്ദേഹം സദസ്സിൽ പങ്കുവെച്ചു.

എം ഫൈസൽ സംവാദത്തിന് തുടക്കം കുറിച്ചു. സീബ കൂവോട്, വിപിൻ കുമാർ, ടി. ആർ. സുബ്രഹ്മണ്യൻ, പ്രിയ വിനോദ്, സെബിൻ ഇഖ്ബാൽ തുടങ്ങിയവർ സംസാരിച്ചു. സുരേഷ് ലാൽ മോഡറേറ്റർ ആയിരുന്നു. നാസർ കാരക്കുന്ന് പുസ്തകാവതരണങ്ങളെ അവലോകനം ചെയ്തുകൊണ്ട് സംസാരിച്ചു.

എൻ രതീന്ദ്രൻ കേരളീയ നവോത്ഥാനശില്പികളെ കുറിച്ച് ചില്ലയുടെ മെയ്മാസ വായനയിൽ പ്രഭാഷണം നടത്തുന്നു