Pravasam

ഓപ്പറേഷൻ സ്കോർപിയോൺ; ദുബായിൽ പിടിച്ചെടുത്തത് 1000 കോടിയുടെ മയക്കുമരുന്ന്

ദുബായ് > സ്കോർപിയോൺ എന്ന രഹസ്യനാമമുള്ള ഒരു ഓപ്പറേഷനിലൂടെ 500 മില്യൺ ദിർഹം (1000 കോടി രൂപ) വിലവരുന്ന കൊക്കെയിൻ ദുബായ് പൊലീസ് പിടിച്ചെടുത്തു. സമീപകാലത്തെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയാണ് ഇത്. ഒരു ചരക്കു കണ്ടെയ്നറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുന്നതിനിടെയാണ് രഹസ്യ നീക്കത്തിലൂടെ ഇത് പിടിച്ചെടുത്തത്.

കപ്പലിൽ എത്തിയ മയക്കുമരുന്ന് ഒരു കണ്ടെയിനറിൽ മറ്റൊരു എമിറേറ്റിലേക്ക് കൊണ്ടുപോകുകയും ഒരു ഗോഡൗണിൽ ഒളിപ്പിച്ചു വയ്ക്കുകയുമായിരുന്നു. കണ്ടെയ്നർ അഴിക്കുന്നതിനായി വാടകയ്ക്കെടുത്ത എസ് യു വി, ആംഗിൾ ഗ്രൈൻഡറുകൾ, കട്ടിംഗ് ഉപകരണങ്ങൾ എന്നിവയും അന്വേഷണസംഘം കണ്ടെടുത്തു. അന്താരാഷ്ട്ര മയക്കുമരുന്നു സംഘത്തിന്റെ ഇടനിലക്കാരനായി പ്രവർത്തിക്കുന്ന ഒരാളെയാണ് ഇതിനോടനുബന്ധിച്ചു അറസ്റ്റ് ചെയ്തത്. മയക്കു മരുന്ന് കടത്തുന്നതിന്റെ രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ നീക്കങ്ങൾ ദിവസങ്ങളായി പോലീസ് നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആന്റി നാർക്കോട്ടിക് ഉദ്യോഗസ്ഥർ വെയർഹൗസിൽ റെയ്ഡ് നടത്തി കുറ്റവാളിയെ കൈയോടെ പിടികൂടുകയും മയക്കുമരുന്ന് പിടിച്ചെടുക്കുകയാണുണ്ടായത്. തൻ്റെ രാജ്യത്ത് ക്രിമിനൽ റെക്കോർഡ് ഉള്ള പ്രതി കുറ്റം സമ്മതിച്ചതോടെ കൂടുതൽ നിയമനടപടികൾക്കായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

മയക്കു മരുന്ന് കടത്താൻ നൂതനമായ മാർഗ്ഗങ്ങളാണ് മയക്കു മരുന്ന് സംഘങ്ങൾ പലപ്പോഴും അവലംബിക്കുന്നത്. ഗുളികകളുടെ രൂപത്തിലാക്കി വിഴുങ്ങി മയക്കു മരുന്ന് കടത്തുന്ന രീതിയാണ് എയർപോർട്ടുകൾ കേന്ദ്രീകരിച്ചു നടക്കുന്നതെങ്കിൽ കണ്ടൈനറുകളിൽ ഒളിപ്പിച്ചു കടത്തുന്ന രീതിയാണ് തുറമുഖങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്നത്.

കഴിഞ്ഞ വർഷത്തിൽ യു എ ഇ ആന്റി നർക്കോട്ടിക് വിഭാഗം 18,000 കിലോയോളം മയക്കുമരുന്ന് പിടിച്ചെടുക്കുകയും, 6973 പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. അബുദാബി പോലീസ് പിടിച്ചെടുത്ത മയക്കു മരുന്നിൽ ഏകദേശം 573,000 ക്യാപ്ടഗോൺ ഗുളികകളാണ് ഉണ്ടായിരുന്നത്.

എല്ലാ തരത്തിലുമുള്ള മയക്കു മരുന്ന് കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനും, സമൂഹത്തെ സംരക്ഷിക്കുന്നതിനുമുള്ള ദുബായ് പോലീസിന്റെ ഊർജസ്വലമായ പ്രവർത്തനത്തിന്റെ മറ്റൊരു ഉദാഹരണമാണ് ഓപ്പറേഷൻ സ്കോർപിയോൺ എന്ന് ദുബായ് പോലീസ് കമാൻഡർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മറി പറഞ്ഞു. മയക്കുമരുന്ന് ഇടപാടുകാരുടേയും പ്രൊമോട്ടർമാരുടേയും പദ്ധതികളെ ചെറുക്കുന്നതിലും തടയുന്നതിലും ഉള്ള പ്രവർത്തനത്തിൽ ദുബായ് പോലീസ് കൈവരിച്ച അഭിമാനകരമായ ഒരു നേട്ടമാണ് ഇതെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫയേഴ്സ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരിയും പറഞ്ഞു.