Politics

കർഷകപ്രക്ഷോഭം പടരുന്നു ; തെരുവിൽ അണിചേർന്ന്‌ കർഷകർ ; രാത്രിയിലും ആവേശം ചോരാതെ സമരം

കർഷകവിരുദ്ധ ബില്ലുകൾക്കെതിരെയുള്ള പ്രക്ഷോഭം രാജ്യത്തിന്റെ കൂടുതൽ മേഖലകളിലേക്ക് പടരുന്നു. അടിച്ചമർത്താനുള്ള ശ്രമങ്ങളെ അവഗണിച്ച് വിവിധ സംസ്ഥാനങ്ങളിൽ കർഷകർ തെരുവിൽ അണിചേർന്നു. അഖിലേന്ത്യാ കിസാൻസഭ, സംയുക്ത കർഷക പ്രക്ഷോഭവേദിയായ അഖിലേന്ത്യാ കിസാൻ സംഘർഷ് കോ–-ഓർഡിനേഷൻ കമ്മിറ്റി തുടങ്ങി വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം.

പഞ്ചാബിലും ഹരിയാനയിലും ദിവസങ്ങളായി പ്രക്ഷോഭം തുടരുന്നു. തിങ്കളാഴ്ച, രാജസ്ഥാൻ, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലും കർഷകർ പ്രതിഷേധവുമായി തെരുവിലിറങ്ങി. കർഷകദ്രോഹ ബില്ലിനെ അനുകൂലിക്കുന്ന പാർടികളെ ബഹിഷ്ക്കരിക്കുമെന്ന് കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റി നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാത്രിയിലും ആവേശം ചോരാതെ സമരം
മോഡി സർക്കാരിന്റെ കർഷകദ്രോഹ ബില്ലുകൾക്കെതിരായി പ്രതിഷേധിച്ചതിന് സസ്പെൻഷനിലായ എട്ട് എംപിമാരും ഗാന്ധി പ്രതിമയ്ക്കു മുന്നിൽ രാത്രിയിലും സത്യഗ്രഹം തുടരുന്നു. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് രാജ്യസഭ ചേരുമ്പോൾ സസ്പെൻഷൻ പിൻവലിക്കണമെന്ന ആവശ്യം പ്രതിപക്ഷ പാർടികൾ മുന്നോട്ടുവയ്ക്കും. ഇതിനോടുള്ള സർക്കാർ പ്രതികരണം അറിഞ്ഞശേഷം തുടർനടപടി തീരുമാനിക്കുമെന്ന് സിപിഐ എം രാജ്യസഭാ നേതാവ് എളമരം കരീം പറഞ്ഞു.

സമരത്തിലുള്ള എംപിമാരെ അഭിവാദ്യം ചെയ്യുന്നതിന് മറ്റ് എംപിമാരും നേതാക്കളും കൂട്ടമായെത്തി. രാത്രിയിലും അഭിവാദ്യങ്ങളും അനുമോദനങ്ങളും തുടരുകയാണ്. പ്രതിപക്ഷ പ്രതിഷേധത്തെതുടർന്ന് തിങ്കളാഴ്ച രാജ്യസഭ നിശ്ചയിച്ചതിലും നേരത്തേ പിരിഞ്ഞതിനുശേഷമാണ് ഗാന്ധി പ്രതിമയ്ക്കു മുന്നിൽ സമരം തുടരാൻ തീരുമാനമായത്. പകൽ ഒന്നോടെ സസ്പെൻഷനിലായ എംപിമാർ സമരമാരംഭിച്ചു.