Kerala

കർഷകരോടുള്ള കളി തീക്കളി : കോടിയേരി ബാലകൃഷ്‌ണൻ

സ്വന്തം ലേഖകൻ
കർഷകരോടുള്ള കളി തീക്കളിയാണെന്ന് കേന്ദ്രസർക്കാർ അനുഭവംകൊണ്ട് തിരിച്ചറിയുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കാർഷികമേഖലയെ കോർപറേറ്റുകൾക്ക് തീറെഴുതുന്നതടക്കമുള്ള കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സിപിഐ എം സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കർഷകർക്കുള്ള മരണവാറന്റാണ് എന്ന് തിരിച്ചറിഞ്ഞാണ് കർഷക പ്രസ്ഥാനങ്ങളും ജനപ്രതിനിധികളും കാർഷിക ബില്ലുകളെ എതിർത്തത്. ബിജെപിയെ പിന്തുണയ്ക്കുന്ന പാർടികൾപോലും എതിർത്തു. ബിൽ പാസാക്കാനാകില്ലെന്ന് തിരിച്ചറിഞ്ഞാണ് വോട്ടെടുപ്പിന് തയ്യാറാകാതിരുന്നത്. ആവശ്യപ്പെട്ടിട്ടും വോട്ടെടുപ്പ് ഒഴിവാക്കി ബിൽ പാസാക്കിയ നടപടി പാർലമെന്ററി ജനാധിപത്യ ചരിത്രത്തിലെ ആദ്യ സംഭവമാണ്. എളമരം കരീം, കെ കെ രാഗേഷ് അടക്കമുള്ള എംപിമാരെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കണം.

കർഷകന് കൃഷിഭൂമിയിലുള്ള അവകാശം റദ്ദാക്കുന്ന ബില്ലാണ് പാസാക്കിയത്. ആവശ്യമായ മുന്നൊരുക്കം നടത്താനോ എല്ലാ കക്ഷികളെയും ഏകോപിപ്പിക്കാനോ കോൺഗ്രസ് ആത്മാർഥത കാട്ടിയിരുന്നെങ്കിൽ ബിൽ പാസാകുമായിരുന്നില്ല. രാജ്യസഭയിൽ ഇടതുപക്ഷമാണ് പോരാട്ടത്തിന് നേതൃത്വം നൽകിയത്.

എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിൽ വലിയ പ്രതികരണമാണ് സൃഷ്ടിച്ചത്. കാലിനടിയിലെ മണ്ണ് ചോർന്നുപോകുന്നു എന്ന തിരിച്ചറിവാണ് കോൺഗ്രസിനെയും ബിജെപിയെയും സർക്കാരിനെതിരെ തിരിക്കാൻ പ്രേരിപ്പിക്കുന്നത്. യുഡിഎഫും ബിജെപിയും ചേർന്നുള്ള കൂട്ടുകെട്ടാണ് അവരുടെ ലക്ഷ്യം. ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകളെ കേരളം എല്ലായ്പ്പോഴും പരാജയപ്പെടുത്തിയിട്ടുണ്ട്. എൽഡിഎഫിന് ജനങ്ങളിൽ വിശ്വാസമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് നേരിടാൻ സർവസജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. ജിപിഒക്കു മുന്നിൽ നടന്ന കൂട്ടായ്മയിൽ സംസ്ഥാന കമ്മിറ്റിയംഗം കോലിയക്കോട് കൃഷ്ണൻനായർ അധ്യക്ഷനായി.