Video

ജനങ്ങളിലാണ് എനിക്ക് വിശ്വാസം – മാധ്യമങ്ങളോട് മുഖ്യമന്ത്രി

തിരുവനന്തപുരം > രാഷ്ട്രീയപരമായി എൽഡിഎഫ് സർക്കാരിനെ നേരിടാനാകാത്തവരാണ് ചില ഉപജാപകർ വഴി ശ്രമം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് സർക്കാരിന് വലിയതോതിലുള്ള യശസ്സ് വരുന്നു. അത് ചിലർക്ക് വല്ലാത്ത പൊള്ളലുണ്ടാക്കുന്നുണ്ട്. അത് രാഷ്ട്രീയമായ കാര്യമാണ്. എന്നാൽ എൽഡിഎഫിനെ രാഷ്ട്രീയമായി നേരിടാൻ കഴിയുന്നുമില്ല. അങ്ങനെ വരുമ്പോൾ മറ്റ് ഉപജാപകരിലൂടെ ശ്രമിക്കും. അതിൽ പല മാർഗങ്ങളും സ്വീകരിക്കുന്നുണ്ട്. ഇന്ന് അപകീർത്തിപ്പെടുത്താൻ എങ്ങനെ സാധിക്കുന്നമെന്നതിലും പ്രൊഫഷണലിസം ഉപയോഗിക്കും. അതിന്റെ കൂടെച്ചേരാൻ കുറച്ച് മാധ്യമങ്ങളും തയ്യാറായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ സർക്കാർ പഴയ അതേ നിലിയിലുള്ള സർക്കാരാണ്,  ഇന്നത്തെ മുഖ്യമന്ത്രി എന്ന് പറഞ്ഞാൽ പഴയ മുഖ്യമന്ത്രിയുടെ അതേ രീതിയിലാണ്, ഇന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന് പറഞ്ഞാൽ പഴയ മുഖ്യമന്ത്രിയുടെ ഓഫീസ് പോലെ തന്നെയാണ്, ഇന്നത്തെ മുഖ്യമന്ത്രിയുടെ വാസസ്ഥലം പഴയ മുഖ്യമന്ത്രിയുടേത് പോലെയാണ്-ആ നിലയിലേക്ക് ചിത്രീകരിക്കുന്നത് എന്തിനാണ്. വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി ചില മാധ്യമങ്ങളും ചേരുന്നു. സ്വർണക്കടത്തിന്റെ പ്രശ്‌നം വന്ന് ആദ്യത്തെ ദിവസം ‘മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധം, വിട്ടയക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളി’ എന്നായിരുന്നല്ലോ വാർത്ത. ഏത് തെളിവിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ പറഞ്ഞത്. -മുഖ്യമന്ത്രി ചോദിച്ചു.

ജനങ്ങളാകെ നിൽക്കുന്നത് മാധ്യമ വാർത്തകളുടെ മേലെയാണ് എന്ന് കരുതരുത്. ജനങ്ങൾ എല്ലാ കാര്യങ്ങളും ശരിയായി വിലയിരുത്തുന്നുണ്ട്. അതിലാണ് തനിക്ക് വിശ്വാസം. അതുകൊണ്ട് തന്നെയാണ് തെറ്റായ വാർത്തകൾ മാധ്യമങ്ങൾ കൊടുക്കുമ്പോഴും, ബോധപൂർവം തെറ്റായ കാര്യങ്ങൾ ചിത്രീകരിക്കാൻ ശ്രമിക്കുമ്പോഴും ഒരുതരത്തിലുള്ള മനശ്ചാഞ്ചല്യവും ഇല്ലാത്തത്.-അദ്ദേഹം പറഞ്ഞു.