Pravasam

റസിഡൻസി പെർമിറ്റ് കാലാവധി പരിമിതപ്പെടുത്താൻ നിർദേശം.

കുവൈത്ത് സിറ്റി > പ്രവാസികളുടെ റസിഡൻസി പെർമിറ്റുകൾ ഒരു വർഷമായി പരിമിതപ്പെടുത്താനുള്ള നിർദേശവുമായി റസിഡൻസി അഫയേഴ്സ് ഡിപ്പാർട്മെന്റ്. രാജ്യത്തെ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും അവിദഗ്ധ തൊഴിലാളികളുടെ എണ്ണം നിയന്ത്രിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ നീക്കം.

നിർദേശം പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് തലാല് അല് ഖാലിദ് അസ്സബാഹിനും ജനസംഖ്യാ പുനസന്തുലന സമിതിക്കും റിപ്പോര്ട്ടുകള് സമര്പ്പിക്കുമെന്നും അധികൃതര് അറിയിച്ചു.

നിർദേശത്തിന് അംഗീകാരം ലഭിച്ചാൽ മിക്ക റസിഡൻസി പെർമിറ്റുകളും ഒരു വർഷത്തേക്ക് പരിമിതപ്പെടുത്തും. എന്നാൽ മെഡിക്കൽ മേഖലയിലെ ഡോക്ടർമാർ, നഴ്സുമാർ, ടെക്നീഷ്യന്മാർ എന്നിവരുൾപ്പെടെ സാങ്കേതിക മേഖലകളിലെ പ്രഫഷനലുകൾക്കും അധ്യാപകർക്കും സ്വകാര്യ മേഖലയിൽ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്ന വ്യക്തികൾക്കും ദീർഘകാല റസിഡൻസി പെർമിറ്റ് പെർമിറ്റ് അനുവദിക്കുമെന്നാണ് സൂചന.