Pravasam

സൗദിയിൽ തടവുകാരുടെ കടം വീട്ടാൻ റമദാനിൽ “ഫുരിജത്ത്” പദ്ധതി

റിയാദ് > ക്രിമിനൽ കേസുകൾ അല്ലാത്ത സാമ്പത്തിക കേസുകളിൽ പെട്ട് സൗദിയുടെ വിവിധ ജയിലുകളിൽ പണമടക്കാൻ സാധിക്കാത്തതിന്റെ പേരിൽ തടവിൽ കഴിയുന്ന സ്വദേശികളും വിദേശികളുമായവരെ മോചിപ്പിക്കാൻ സാമ്പത്തിക സഹായം നൽകുന്നത്തിനു റമദാൻ മാസത്തിൽ സൗദി ജയിൽ ജനറൽ ഡയറക്ടറേറ്റ് ഇ- സേവന പദ്ധതിയായ “ഫുരിജത്ത്” നടപ്പാക്കുന്നു. പാപ്പരായ തടവുകാരുടെ പ്രശ്നങ്ങൾ അറിയാനും അവരുടെ കടങ്ങൾ വീട്ടാൻ പണം അടക്കാനും മറ്റുള്ള്വർക്ക് അവസരം നൽകുകയാണിവിടെ പണം നൽകിയാലുടൻ അവരെ ജയിലിൽ നിന്ന് പുറത്തു കൊണ്ടുവരാനും ഇലക്ട്രോണിക് മാർഗം വഴി നേരിട്ട് സാമ്പത്തിക സഹായം നൽകാനും ഈ പദ്ധതിയിലൂടെ കഴിയും.

“ഫുരിജത്ത്” ഇ- സേവനം വഴി 2,508 തടവുകാരുടെ കടങ്ങൾ വീട്ടാൻ കഴിഞ്ഞതായി ജയിൽ ജനറൽ ഡയറക്ടറേറ്റ് വ്യക്തമാക്കി, ഈ പദ്ധതിയിലേക്ക് സംഭാവനയായി ലഭിച്ച തുക 120 ദശലക്ഷം റിയാൽ കവിഞ്ഞു എന്നും ജയിൽ ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. ഈ സേവനം വർഷം മുഴുവനും ലഭ്യമാകുമെന്നും അവർ ഊന്നിപ്പറഞ്ഞു. “അബ്ശിർ ആപ്ലിക്കേഷൻ, “ഇഹ്സാൻ പ്ലാറ്റ്ഫോം” എന്നിവയിലൂടെ ഫുരിജത്ത് സഹായ പദ്ധതിയിലേക്ക് പണമടക്കാവുന്നതാണ്.

ഫുരിജത്ത് ഇലക്ട്രോണിക് സംവിധാനം വഴി സഹായത്തിനു അർഹരായ കേസുകൾ കണ്ടെത്താനും തടവുകാരന്റെ ശിക്ഷാ കാലയളവ്, വയസ്സ്, കുടുംബാംഗങ്ങളുടെ എണ്ണം, ശേഷിക്കുന്ന തുക തുടങ്ങിയ കേസുകളുടെ വിശദാംശങ്ങൾ അവലോകനം ചെയ്യാനും തടവുകാരന്റെ ഇൻവോയ്സ് നമ്പർ പരിശോധിച്ച് അതിൽ ലിസ്റ്റുചെയ്തിരിക്കുന്ന കേസുകൾക്കനുസരിച്ച് ഏറ്റവും യോഗ്യരായ തടവുകാരെ കണ്ടെത്തി സഹായിക്കാനും സാധിക്കുന്നു.