Pravasam

സൗദി കിഴക്കൻ പ്രവിശ്യയിൽ ചെമ്മീൻ പിടിത്തം പുരോഗമിക്കുന്നു; ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ ലഭ്യമാകും

റിയാദ് > ജുബൈൽ, ഖത്തീഫ്, ദാരിൻ മേഖലകളിലേക്ക് വലിയ മത്സ്യബന്ധന ബോട്ടുകൾ തിരിച്ചെത്തിയതിനെ തുടർന്ന് സൗദി കിഴക്കൻ പ്രവിശ്യയിലെ മത്സ്യമാർക്കറ്റുകൾ 2022 വർഷ സീസണിൽ സമൃദ്ധമായ ചെമ്മീൻ വിപണനത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. കിഴക്കൻ പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളിലെ കടലിൽ ഈ മാസം ഒന്നിന് ആരംഭിച്ച ചെമ്മീൻ പിടിത്തം ആറ് മാസം നീണ്ടുനിൽക്കുകയും 2023 ജനുവരി 31 ന് അവസാനിക്കുകയും ചെയ്യും. ജുബൈൽ, ഖത്തീഫ്, ദാരിൻ എന്നിവിടങ്ങളിലായി 540 വലിയ മത്സ്യബന്ധന ബോട്ടുകളും 149 ചെറു മത്സ്യബന്ധന ബോട്ടുകളും ചെമ്മീൻ പിടിത്തതിനായുണ്ട്.

ചെമ്മീൻ വലിപ്പവും നിറവും അനുസരിച്ച് ഒരു മന്നയുടെ വിലയിൽ വ്യത്യാസമുണ്ട്. തുടക്കത്തിൽ “16 കിലോ” ചെറിയ ചെമ്മീനിന് 350 റിയാൽ ഉണ്ടായിരുന്നത് ഇപ്പോൾ 250 റിയാലിലെത്തിയിട്ടുണ്ട്. വലിയ ചെമ്മീനിന്റെ വില 660 റിയാലിൽ തുടങ്ങിയത് ഇപ്പോൾ 550 റിയാലിലെത്തിയിട്ടുണ്ട്. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ചെമ്മീൻ മത്സ്യബന്ധനം നിരോധിക്കാനുള്ള മന്ത്രാലയത്തിന്റെ തീരുമാനം ഭാവി തലമുറകൾക്കായി തന്ത്രപ്രധാനമായ സ്റ്റോക്കിന്റെ സുസ്ഥിരത നിലനിർത്തുന്നതിന് പുറമേ പ്രത്യുൽപാദനത്തിനും വളർച്ചയ്ക്കും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു എന്ന് കിഴക്കൻ മേഖലയിലെ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം ഡയറക്ടർ ജനറൽ അമീർ അൽ മുതൈരി പറഞ്ഞു,

2020 ചെമ്മീൻ സീസണിൽ 13,810 ടൺ ഉൽപ്പാദനം നടന്നുവെന്നത് ശ്രദ്ധേയമാണ്, കൂടാതെ അറേബ്യൻ ഗൾഫിന്റെ വിവിധ തീരങ്ങളിൽ 2021 അവസാന സീസണിലെ ചെമ്മീൻ ഉത്പാദനം 1757 ടൺ വളർച്ചയോടെ 15567 ടണ്ണിലെത്തിയിരുന്നു. ഈ സീസണിൽ ഉൽപ്പാദനത്തിൽ വർധനവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അൽമുതൈരി ചൂണ്ടിക്കാട്ടി. ചെമ്മീൻ മത്സ്യബന്ധനത്തിന് മന്ത്രാലയം ഏർപ്പെടുത്തിയ നിരോധനം മത്സ്യത്തൊഴിലാളികൾ പാലിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
കൊറോണ മഹാമാരി കാരണം കഴിഞ്ഞ രണ്ട് വർഷങ്ങളെ അപേക്ഷിച്ച് ഈ സീസണിൽ, നിരവധി മത്സ്യബന്ധന ബോട്ടുകളും പ്രദേശത്തുണ്ടായിരുന്ന തൊഴിലാളികളും ചെമ്മീൻ പിടുത്തത്തിൽ ഏർപ്പെട്ടതിനാൽ ഇത്തവണത്തെ ചെമ്മീൻ മത്സ്യബന്ധന സീസൺ വിൽപ്പനക്കാർക്കും ഷോപ്പർമാർക്കും ഒരു മികച്ച അവസരമാന് നൽകുന്നതെന്ന് ഖത്തീഫ് ഗവർണറേറ്റിലെ സെൻട്രൽ മാർക്കറ്റിലെ മീൻ, ചെമ്മീൻ വിൽപ്പനക്കാരൻ അബ്ദുല്ല അൽ ഗസ്വി വിശദീകരിച്ചു. അറേബ്യൻ ഗൾഫ്, ജുബൈൽ ഗവർണറേറ്റിന്റെ വടക്ക് മുതൽ സാൽവ ഗവർണറേറ്റിന്റെ തീരങ്ങൾ വരെ നിരവധി മത്സ്യബന്ധന ബോട്ടുകൾ ചെമ്മീൻ വേട്ടക്കായി രംഗത്തുണ്ട്. വിവിധ ഇനം ചെമ്മീനുകൾ ഏറ്റവും കുറഞ്ഞ വിലയിൽ പ്രവാസികൾ അടക്കമുള്ള ആവശ്യക്കാർക്ക് ലഭ്യമാകും എന്നതാണ് ഈ സീസണിന്റെ പ്രത്യേകത.