Kerala

സർക്കാരിനെതിരെ കള്ളക്കഥ മെനയുന്നു ഡോ. ഗീവർഗീസ്‌ മാർ കൂറിലോസ്

തിരുവനന്തപുരം> എൽഡിഎഫ് സർക്കാരിനെതിരെ കള്ളക്കഥകൾ മെനയുന്നവരെ ശക്തമായി വിമർശിച്ച് യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപോലീത്താ. മെഗാ സീരിയൽ പോലെ ആവർത്തന്ന വിരസത തോന്നിക്കുന്ന നുണക്കഥകളാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ചങ്കുറപ്പോടെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും മാധ്യമങ്ങളെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ–-ജനകീയ സർക്കാരിനെ അപകീർത്തിപ്പെടുത്താനും അട്ടിമറിക്കാനുമുള്ള കോർപറേറ്റ് ശക്തികളുടെ സംഘടിത ശ്രമമാണ് നടക്കുന്നതെന്ന് നാളുകളായി നടക്കുന്ന അപവാദ പ്രചാരണ പരമ്പരകൾ ശ്രദ്ധിക്കുന്നവർക്ക് മനസ്സിലാകും. സർക്കാരിന്റെ പൊതു സ്വീകാര്യതയും തുടർ ഭരണസാധ്യതയും മനസിലാക്കി വിറളിപിടിച്ചവർ തിരക്കഥ രചിക്കുന്നു.

അതിന്റെ അടിസ്ഥാനത്തിൽ ഓരോ ദിവസവും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും എതിരെ പഴയതും പുതിയതുമായ ആരോപണങ്ങൾ നാടകീയമായി അവതരിപ്പിക്കുന്നു; അത് ചർച്ചയാക്കുന്നു. ഒന്നിനും കാര്യമായ തെളിവുകൾ നിരത്തുന്നുമില്ല. കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന കേസുകളിൽ പോലും ചോദ്യം ചെയ്യലുകൾക്ക് അപ്പുറത്തേക്ക് സർക്കാരുമായി ബന്ധപ്പെട്ട ആരും പ്രതിയാക്കപ്പെട്ടിട്ടില്ല. എന്നിട്ടും നുണപ്രചാരണങ്ങൾക്കും അപവാദ പ്രചാരണങ്ങൾക്കും ക്ഷാമമില്ല.

വേട്ടയാടപ്പെടുന്ന മുഖ്യമന്ത്രിയും മന്ത്രിയും എത്ര ആത്മവിശ്വാസത്തോടും ചങ്കുറപ്പോടും കൂടിയാണ് മാധ്യമങ്ങളെയും ജനങ്ങളെയും അഭിമുഖീകരിക്കുന്നത്. മടിയിൽ കനമുള്ള ആർക്കും ഇത് സാധിക്കില്ല. കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന കേസുകളുടെ ഫലം വരാൻ കാത്തിരിക്കാനുള്ള ക്ഷമയെങ്കിലും പ്രതിപക്ഷം കാണിക്കണം. എൽഡിഎഫ് സർക്കാരിന്റെ നിരവധിയായ നേട്ടങ്ങൾ തമസ്കരിക്കാൻ ഇത്തരം പാഴ്ശ്രമങ്ങൾ വഴി കഴിയുമെന്ന ചിന്ത അസ്ഥാനത്താണ്. കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി നടക്കുന്ന സർക്കാർ വിരുദ്ധ സമരങ്ങളെ വിശേഷിപ്പിക്കാൻ ഷേക്സ്പിയറിന്റെ ഒരു പ്രയോഗം കടമെടുക്കുന്നു –-“മച്ച് ഏഡു എബൗട്ട് നതിങ്’ (നിസാര കാര്യത്തിന്റെ പേരിലുള്ള കോലാഹലം).–- ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപോലീത്താ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.