Video

VIDEO – പ്ലാൻ എ,ബി,സി; കോവിഡ് പ്രതിരോധത്തിന് കൂടുതൽ പദ്ധതികളുമായി സർക്കാർ

തിരുവനന്തപുരം > കോവിഡ് രോഗികളുടെ ചികിത്സാർത്ഥം രോഗികളുടെ എണ്ണമനുസരിച്ച് സജ്ജീകരണങ്ങൾ ഒരുക്കുന്നതിനായി പ്ലാൻ എ, ബി, സി എന്നിവ തയ്യാറാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്തുന്നതിനായാണ് ഇത്തരത്തിൽ സജ്ജീകരണങ്ങൾ ചെയ്തിരിക്കുന്നത്.

പ്ലാൻ എ പ്രകാരം കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി 14 ജില്ലകളിലുമായി 29 കോവിഡ് ആശുപത്രികളും അവയോടു ചേർന്ന് 29 കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻററുകളും ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളുടെ സൗകര്യങ്ങളും ഉപയോഗിക്കും. ഇത്തരത്തിൽ സജ്ജമാക്കിയിട്ടുള്ള 29 കോവിഡ് ആശുപത്രികളിൽ കോവിഡ് ചികിത്സയ്ക്ക് മാത്രമായി 8537 കിടക്കകളും 872 ഐസിയു കിടക്കകളും 482 വെൻറിലേറ്ററുകളും നിലവിൽ തയ്യാറാക്കിയിട്ടുണ്ട്. രോഗികൾ കൂടുന്ന മുറയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലെ കൂടുതൽ കിടക്കകൾ കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കും. കൂടാതെ രണ്ടാംനിര കോവിഡ് ആശുപത്രികളും തെരഞ്ഞെടുക്കും.

നിലവിൽ സജ്ജീകരിച്ചിട്ടുള്ള 29 കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിലുള്ള 3180 കിടക്കകളിൽ 479 രോഗികൾ ചികിത്സയിലുണ്ട്. ഇത്തരത്തിൽ പ്ലാൻ എ, ബി, സി എന്ന മുറയ്ക്ക് 171 കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിലായി 15,975 കിടക്കകൾ കുടി സജ്ജമാക്കിയിട്ടുണ്ട്.

സാധ്യമായ എല്ലാ സൗകര്യങ്ങളും നൽകുക എന്നതാണ് സർക്കാർ സമീപനം. സർക്കാർ ചെലവിൽ ടെസ്റ്റിങ്, ക്വാറൻറൈൻ, ചികിത്സ എന്നിവയ്ക്കായി ആംബുലൻസുകളിൽ ആശുപത്രികളിൽ എത്തിച്ച ആളുകളുടെ എണ്ണം – ഏപ്രിൽ 7,561, മെയ് 24,695, ജൂൺ 30,599 എന്നിങ്ങനെയാണ്.

സംസ്ഥാനത്ത് പത്തുലക്ഷം പേരിൽ 109 പേർക്കാണ് രോഗം (കേസ് പെർ മില്യൻ). രാജ്യത്താകെ അത് 362 ആണ്. സംസ്ഥാനത്ത് മരണനിരക്ക് 0.6 ശതമാനമാണെങ്കിൽ രാജ്യത്തിൻറേത് 3.1 ശതമാനമാണ്. ടെസ്റ്റുമായി ബന്ധപ്പെട്ട് സാമ്പിൾ പോസിറ്റിവിറ്റി റേറ്റ് കേരളത്തിൽ 1.8 ശതമാനമാണ്. രാജ്യത്തിൻറേത് 6.2 ശതമാനം. ഇത് രണ്ടുശതമാനത്തിൽ താഴെയാവുക എന്നതാണ് ആഗോളതലത്തിൽ തന്നെ രാജ്യങ്ങൾ ലക്ഷ്യമിടുന്നത്. ഇവിടെയുണ്ടായ 22 മരണങ്ങളിൽ 20ഉം മറ്റു ഗുരുതര രോഗങ്ങൾ ബാധിച്ചവരാണ്.

ശാരീരിക അകലം പാലിക്കുന്നത് ഉൾപ്പെടെയുള്ള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കുന്നതിന് പൊലീസ് നടപടി ഊർജിതപ്പെടുത്തിയിട്ടുണ്ട്. കടകൾ, ചന്തകൾ മുതലായ സ്ഥലങ്ങളിലും ഇത്തരം സ്ഥാപനങ്ങൾക്ക് അകത്തും ജനം കൂട്ടം കൂടുന്നത് അനുവദിക്കില്ല. സ്ഥാപനങ്ങൾ അണുവിമുക്തമാക്കണം. ഏറ്റവും കുറച്ച് ജീവനക്കാരെ മാത്രമേ നിയോഗിക്കാവൂ. നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവരുടെ ഫോട്ടോയും മറ്റ് വിവരങ്ങളും പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിന് അയച്ചു നൽകാൻ പൊതുജനങ്ങൾ മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

വിദേശങ്ങളിൽ നിന്ന് എത്തുന്നവർ വിമാനത്താവളങ്ങളിൽ നിന്ന് നേരെ വീടുകളിലേക്കാണ് പോകേണ്ടത്. വഴിയിൽ ബന്ധുവീടുകൾ ഉൾപ്പെടെ മറ്റു സ്ഥലങ്ങൾ സന്ദർശിക്കുന്നത് അനുവദിക്കില്ല. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

എയർപോർട്ടുകളിൽ ഭക്ഷണം ലഭ്യമാക്കുമ്പോൾ അമിതവില ഈടാക്കരുത് എന്ന് നിർദേശം നൽകിയിട്ടുണ്ട്. വിദേശത്തുനിന്ന് കൂടുതൽ പേർ എത്തുകയും അവർക്ക് ടെസ്റ്റ് നടത്തുകയും ചെയ്യുമ്പോൾ എയർപോർട്ടുകളിൽ തിരക്കുണ്ടാകും. യാത്രക്കാർക്ക് കൂടുതൽ സമയം തങ്ങേണ്ടിവരും. ഈ സാഹചര്യത്തിൽ ലഘുഭക്ഷണ സാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കാൻ സർക്കാർ നടപടിയെടുക്കും. സിയാൽ എയർപോർട്ടിൽ കുടുംബശ്രീയുടെ ലഘുഭക്ഷണ വിതരണകേന്ദ്രം ഒരുക്കിയിട്ടുണ്ട്.

വിമാനത്താവളങ്ങളിൽ പ്രവാസി സഹോദരങ്ങൾ വരുമ്പോൾ സന്നദ്ധ സംഘടനകളുടെയും മറ്റും പേരിൽ സ്വീകരിക്കാൻ ആരും പോകേണ്ടതില്ല. വിമാനം ഇറങ്ങുന്നവർക്ക് വാഹനം തടഞ്ഞുനിർത്തി വഴിയിൽ സ്വീകരണം നൽകുന്നതും അനുവദിക്കില്ല.

കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് കണ്ടെത്തിയാലും മൃതദേഹങ്ങൾ വിട്ടുകൊടുക്കാൻ കാലതാമസമുണ്ടാകുന്നു എന്ന പരാതി ശദ്ധയിൽപ്പെട്ടുവെന്നും അത് ഒഴിവാക്കാൻ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കോവിഡ് പരിശോധനയ്ക്ക് സ്വകാര്യ ആശുപത്രികളും ലാബുകളും അമിതനിരക്ക് ഈടാക്കുന്നത് ഒഴിവാക്കാൻ നടപടിയെടുക്കും. ഇതിൽ ഏകീകരണം വരുത്താൻ നടപടി സ്വീകരിക്കും.

കണ്ടെയ്ൻമെൻറ് മേഖലകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് പൊലീസ് സംവിധാനം കൂടുതൽ കർശനമാക്കും. ഇത്തരം സ്ഥലങ്ങളിൽ ആർക്കും ഒരിളവും അനുവദിക്കില്ല. എല്ലാ മാനദണ്ഡങ്ങളും പാലിച്ച് വാഹനപരിശോധന നടത്തും. അനുവദനീയമായ എണ്ണം ആൾക്കാരെ മാത്രമേ വാഹനങ്ങളിൽ യാത്ര ചെയ്യാൻ അനുവദിക്കൂ. രാത്രി ഒൻപതു മണിക്ക് ശേഷമുള്ള വാഹനഗതാഗതത്തിന് നിയന്ത്രണമുണ്ടായിരിക്കും. അവശ്യസർവ്വീസുമായി ബന്ധപ്പെട്ട വാഹനങ്ങൾക്ക് മാത്രമേ ഇളവ് അനുവദിച്ചിട്ടുള്ളൂ.

ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നവർ ചിലർ മാസ്ക് ധരിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മാസ്ക്കും ഹെൽമെറ്റും ധരിക്കാത്ത ഇരുചക്ര വാഹനയാത്രക്കാർക്കെതിരെയും പൊലീസ് കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.