Pravasam

അറബ് വാട്ടർ ഫോറം അബുദാബിയിൽ

അബുദാബി > ആറാമത് അറബ് വാട്ടർ ഫോറത്തിന് അബുദാബി നാഷണൽ എക്സിബിഷൻ സെൻ്റർ ആതിഥേയത്വം വഹിക്കും. സെപ്തംബർ 16-18 തിയതികളിലാണ് ഫോറം. ലീഗ് ഓഫ് അറബ് സ്റ്റേറ്റ്സ്, യുഎഇ ഊർജ, ഇൻഫ്രാസ്ട്രക്ചർ മന്ത്രാലയം, ഈജിപ്ഷ്യൻ ജലവിഭവ, ജലസേചന മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടക്കുക. അറബ് മേഖലയിൽ ജലസുരക്ഷ കൈവരിക്കുന്നതിനുള്ള നയങ്ങൾ, തന്ത്രങ്ങൾ, പരിഹാരങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പാനലുകൾ, പഠനങ്ങൾ എന്നിവയോടുകൂടിയ ഒരു അന്താരാഷ്ട്ര പ്രദർശനവും 17-ലധികം സാങ്കേതിക സെഷനുകളും ഈ പതിപ്പിൽ അവതരിപ്പിക്കും.

അറബ് വാട്ടർ കൗൺസിൽ പ്രസിഡൻ്റ് മഹ്മൂദ് അബു-സെയ്ദ്, ഈജിപ്തിലെ ജലവിഭവ, ജലസേചന മന്ത്രി ഹാനി സെവിലം, ഇറാഖിൻ്റെ ജലവിഭവ മന്ത്രി ഔൻ ധേയാബ് അബ്ദുള്ള, ലീഗ് ഓഫ് അറബ് സ്റ്റേറ്റ് സെക്രട്ടറി ജനറൽ അഹമ്മദ് അബൗൾ ഗെയ്ത് എന്നിവരും ഫോറത്തിൽ പങ്കെടുക്കും.

ഭാവിതലമുറയ്ക്കായി സുസ്ഥിരമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് മേഖലയിലെ ജലക്ഷാമം സംബന്ധിച്ച അടിയന്തര പ്രശ്നം പരിഹരിക്കുന്നതിനുള്ള സുപ്രധാന വേദിയാണ് അറബ് വാട്ടർ ഫോറമെന്ന് പ്രൊഫസർ മഹ്മൂദ് അബു-സെയ്ദ് പറഞ്ഞു. ജല മാനേജ്മെൻ്റ്, കാലാവസ്ഥാ വ്യതിയാനം, ജലസുരക്ഷ, ജല-ഊർജ്ജ-ഭക്ഷ്യ-ആവാസവ്യവസ്ഥകളുടെ അവിഭാജ്യ ഘടകം തുടങ്ങിയ വിഷയങ്ങളും ഫോറം ചർച്ച ചെയ്യും. 60-ലധികം ആഗോള പ്രദർശകർ പങ്കെടുക്കും. അത്യാധുനിക സാങ്കേതികവിദ്യകളും, ഡിസലൈനേഷൻ, സംഭരണം, വിതരണം, മലിനജല സംസ്കരണം, ജല സംരക്ഷണം എന്നിവയിലെ പദ്ധതികളും പ്രദർശിപ്പിക്കും.