മസ്കത്ത് > കൊറിയർ കമ്പനികളുടെയും ഒമാൻ പോസ്റ്റിന്റെയും പേരിൽ ലഭിക്കുന്ന വ്യാജ എസ്എംഎസ്സുകളെ കുറിച്ച് മുന്നറിപ്പുമായി മസ്കത്ത് ബാങ്ക്. ഇത്തരം സന്ദേശങ്ങൾ തട്ടിപ്പ് സംഘങ്ങളിൽ നിന്നുള്ളതാണെന്നും എസ്എംഎസിൽ ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും ബാങ്ക് അധികൃതർ പറഞ്ഞു.
നിങ്ങൾക്ക് ഒരു കൊറിയർ ഉണ്ടെന്നും നൽകിയിരിക്കുന്ന വിലാസം തെറ്റായതിനാൽ ഡെലിവർ ചെയ്യാൻ സാധിക്കുന്നില്ലെന്നും കൃത്യമായ വിലാസം നൽകുകയും ഡെലിവറി ഫീസ് അടയ്ക്കുകയും ചെയ്താൽ കൊറിയർ ലഭിക്കുമെന്നാണ് ഇത്തരം എസ്എംഎസുകളിൽ നൽകിയിരിക്കുന്നത്. എന്നാൽ പണം നഷ്ടമാകുന്നതിനപ്പുറം ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ ആളുകളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാനും സാധ്യതയുണ്ട്.
അതേസമയം വ്യക്തിഗത ബാങ്ക് അക്കൗണ്ട്, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ആവശ്യപ്പെടുന്ന ഫോൺ കോളുകളും മെസ്സേജുകളും ശ്രദ്ധിക്കണമെന്ന് ഒമാൻ സെൻട്രൽ ബാങ്കും പലപ്പോഴായി മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്തെ വിവിധ സർക്കാർ സ്വകാര്യ ഏജൻസികൾ മുന്നറിയിപ്പുകൾ നൽകുന്നുണ്ടെങ്കിലും ബോധവത്കരണ പ്രചാരണങ്ങൾ നടത്തുന്നുണ്ടെങ്കിലും ഇത്തരം സാമ്പത്തിക തട്ടിപ്പ് സംഭവങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.
Add Comment