Politics

ഏഴ്‌ ബിൽ നിയമമാക്കി സഭയിൽ ചർച്ചയില്ല

ന്യൂഡൽഹി
അവശ്യവസ്തു നിയമഭേദഗതി, ബാങ്കിങ് നിയന്ത്രണ ഭേദഗതി എന്നിവ അടക്കം ഏഴ് ബിൽ സർക്കാർ രാജ്യസഭ തിരക്കിട്ട് പാസാക്കി. രണ്ട് കാർഷിക ബിൽ വോട്ടെടുപ്പില്ലാതെ പാസാക്കിയതിലും ഇതിനോട് വിയോജിച്ച അംഗങ്ങളെ സസ്പെൻഡ് ചെയ്തതിലും പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. ഇതേത്തുടർന്ന് സർക്കാർ ചർച്ചയോ വോട്ടെടുപ്പോ ഇല്ലാതെ ഏകപക്ഷീയമായി ബില്ലുകൾ പാസാക്കി.

അവശ്യവസ്തുക്കൾ സ്വകാര്യമേഖലയിൽ പരിധിയില്ലാതെ സംഭരിക്കാൻ അനുമതി നൽകുന്നതാണ് അവശ്യവസ്തു നിയമഭേദഗതി. മറ്റ് രണ്ട് കാർഷികബിൽകൂടി നിയമമാകുന്നതോടെ കോർപറേറ്റുകൾക്ക് വൻതോതിൽ ഉൽപ്പന്നങ്ങൾ സംഭരിച്ച് വിലകൂട്ടി വിൽക്കാനാകും. സഹകരണമേഖലയിൽ കേന്ദ്രസർക്കാരിന് അമിതാധികാരം നൽകുന്നതാണ് ബാങ്കിങ് നിയന്ത്രണ നിയമഭേദഗതി. കമ്പനിനിയമങ്ങളുടെ ലംഘനങ്ങൾക്കുള്ള ശിക്ഷയിൽ ഇളവുവരുത്തുന്ന കമ്പനീസ് ബില്ലും പാസാക്കി.

ഐഐഐടികളുടെ സ്വകാര്യവൽക്കരണം പ്രോത്സാഹിപ്പിക്കുന്ന ഐഐഐടി ബിൽ, ഗുജറാത്ത് ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റിയെയും ന്യൂഡൽഹി എൽഎൻജെപി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസസിനെയും നാഷണൽ ഫോറൻസിക് സയൻസസ് യൂണിവേഴ്സിറ്റി ഗുജറാത്ത് എന്നാക്കി മാറ്റാനുള്ള ഫോറൻസിക് യൂണിവേഴ്സിറ്റി ബിൽ, ഡിഫൻസ് സർവകലാശാല സ്ഥാപിക്കാനുള്ള രാഷ്ട്രീയരക്ഷ യൂണിവേഴ്സിറ്റി ബിൽ, ടാക്സേഷൻ നിയമഭേദഗതി ബിൽ എന്നിവയും പാസാക്കി.

പാർലമെന്റിനെ സർക്കാർ ലജ്ജാകരമായ നിലയിൽ നശിപ്പിക്കുകയാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. ഇതിനെ ചെറുത്തുതോൽപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

തൊഴിലാളിദ്രോഹ ബില്ലുകൾ പാസാക്കി ലോക്സഭ
രാജ്യത്തെ തൊഴിലാളികളുടെ അവകാശങ്ങൾ വെട്ടിക്കുറയ്ക്കുന്ന മൂന്ന് തൊഴിൽചട്ട ഭേദഗതി ബിൽ ലോക്സഭ പാസാക്കി. സാമൂഹ്യസുരക്ഷ, വ്യവസായബന്ധം, തൊഴിൽസുരക്ഷ–-ആരോഗ്യം–-തൊഴിൽസാഹചര്യം ബില്ലുകളാണ് പാസാക്കിയത്.
കർഷകദ്രോഹബില്ലുകൾക്ക് എതിരെ പ്രതിഷേധിച്ച എംപിമാരെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ച പശ്ചാത്തലത്തിൽ എതിർപ്പുകൾ ഇല്ലാതെയാണ് തൊഴിലാളിദ്രോഹ ബില്ലുകൾ പാസാക്കിയത്. നിലവിലെ തൊഴിൽനിയമങ്ങൾ രാജ്യത്തെ തൊഴിലാളികൾക്ക് നൽകുന്ന പരിരക്ഷകൾ ഇല്ലാതാക്കുന്നതാണ് മൂന്ന് ബില്ലും.

പ്രതിഷേധിക്കാനുള്ള തൊഴിലാളികളുടെ അവകാശങ്ങൾ നിയന്ത്രിക്കുന്ന വ്യവസ്ഥകളും ബില്ലുകളിലുണ്ട്. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ ഒരുപോലെ ഉയർത്തിപ്പിടിക്കുന്നതാണ് ബില്ലുകളിലെ വ്യവസ്ഥകളെന്ന് തൊഴിൽമന്ത്രി സന്തോഷ്ഗാങ്വർ അവകാശപ്പെട്ടു.

വ്യവസായബന്ധ കോഡിലെ വ്യവസ്ഥകൾ അനുസരിച്ച് 300 തൊഴിലാളികൾവരെയുള്ള തൊഴിലിടങ്ങളിൽ തൊഴിലാളികളെ നിയമിക്കാനും പിരിച്ചുവിടാനും സർക്കാർ അനുമതി ആവശ്യമില്ല. അവകാശനിഷേധത്തിന് എതിരെ പ്രതിഷേധിക്കാനുള്ള തൊഴിലാളികളുടെ അവകാശത്തെ നിയന്ത്രിക്കുന്ന വ്യവസ്ഥകളും സർക്കാർ ബില്ലുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.