Pravasam

ഐസിസി വനിതാ ടി20 വേൾഡ് കപ്പ് ട്രോഫി ടൂറിനെ സ്വീകരിക്കാൻ ഷാർജ ഇന്ത്യൻ സ്കൂളും.

ഷാർജ > ഐസിസി വനിതാ ടി20 ലോകകപ്പ് ട്രോഫി ടൂറിനെ സ്വീകരിക്കാൻ ഷാർജ ഇന്ത്യൻ സ്കൂൾ ഒരുങ്ങുന്നു. സെപ്തംബർ 23 തിങ്കളാഴ്ച രാവിലെ 8:30 ന് എത്തുന്ന ട്രോഫി ടൂറിനെ സ്വീകരിക്കാൻ വിദ്യാർത്ഥികൾ, ജീവനക്കാർ, രക്ഷിതാക്കൾ, വിശിഷ്ടാതിഥികൾ തുടങ്ങി 2,500-ലധികം ആളുകൾ സ്കൂൾ അങ്കണത്തിൽ ഒത്തു ചേരും. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവരടങ്ങുന്ന നേതൃനിരയും പങ്കെടുക്കും. ഒന്നര മണിക്കൂർ നീണ്ടുനിൽക്കുന്ന സെഷനിൽ സ്കൂളിൻ്റെ സമ്പന്നമായ സാംസ്കാരിക വൈവിധ്യവും പ്രതിഭയും പ്രകടമാക്കുന്ന സാംസ്കാരിക പ്രകടനങ്ങൾ അരങ്ങേറും. സ്കൂളിലെ പൊലീസ് കേഡറ്റുകളും ഗൈഡുകളും ഗാർഡ് ഓഫ് ഓണർ നൽകി ടീമിനെ പ്രവേശന കവാടത്തിൽ സ്വീകരിയ്ക്കുകയും മാർച്ച് പാസ്റ്റിന്റെയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ സ്റ്റേജിലേക്ക് നയിക്കുകയും ചെയ്യും.

യുഎഇയിൽ നിന്നുള്ള 10 ടീമുകൾ മൊത്തം 23 മത്സരങ്ങളിൽ പങ്കെടുക്കും. യുഎഇയിലെ രണ്ടു വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. സെപ്തംബർ 28 മുതൽ ഒക്ടോബർ 1 വരെ നടക്കുന്ന ക്വാളിഫൈ മത്സരങ്ങൾക്ക് ശേഷം ഒക്ടോബർ 3 ന് ഔദ്യോഗിക മത്സരങ്ങൾ ആരംഭിക്കും. ആദ്യ മത്സരത്തിൽ ബംഗ്ലാദേശും സ്കോട്ട്ലൻഡും ഏറ്റുമുട്ടും. തുടർന്ന് പാകിസ്ഥാനും ശ്രീലങ്കയും മത്സരത്തിലേർപ്പെടും. ആദ്യ റൗണ്ട് മത്സരങ്ങൾ ഒക്ടോബർ 15 വരെ നീണ്ടുനിൽക്കും. 17, 18 തീയതികളിലാണ് സെമി ഫൈനൽ. 2024 ഒക്ടോബർ 20 നാണ് അവസാന മത്സരം.