Pravasam

ഒടുവിൽ 12 വർഷങ്ങൾക്ക് ശേഷം രവീന്ദ്രൻ നായർ നാട്ടിലേക്ക് മടങ്ങി

മസ്കറ്റ് > രോഗാതുരനാണെങ്കിലും ഒരു വ്യാഴവട്ടത്തിന് ശേഷം കുടുംബത്തെ കാണാൻകഴിയുമെന്ന സന്തോഷത്തിലാണ് തിരുവനന്തപുരം സ്വദേശിയായ രവീന്ദ്രൻ നായർ. മസ്കറ്റിലിലെ സുമനുസ്സുകളായ ചില സാമൂഹ്യപ്രവത്തകരുടെ ഇടപെടലാണ് നീണ്ട 12 വർഷത്തിന് ശേഷം നാടണയാൻ അദ്ദേഹത്തിനു സഹായകരമായി തീർന്നത്. .

രണ്ടരപതിറ്റാണ്ടായി സുവൈക്കിൽ ടയർഷോപ്പ് നടത്തിവന്ന രവീന്ദ്രൻ നായർക്ക് സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ടുള്ള ചില പ്രശ്ങ്ങൾ മൂലം 12 വർഷമായി നാട്ടിൽ പോകാൻ കഴിയാത്ത സാഹചര്യമായിരുന്നു. ഇതിനിടയിൽ രോഗബാധിതനായ അദ്ദേഹം തീർത്തും അവശനായി. ഇത് ശ്രെദ്ധയിൽപെട്ട ലോക കേരളസഭ അംഗമായ വിത്സൻജോർജ്ജ് സാമൂഹ്യപ്രവർത്തകനായ നൗഫൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങളാണ് രവീന്ദ്രൻ നായരുടെ സ്വദേശത്തോട്ടുള്ള മടക്കയാത്രക്ക് സഹായകരമായത്.

രവീന്ദ്രൻ നായരെ നാട്ടിലേക്ക് അയക്കാൻ വേണ്ട പ്രവർത്തനങ്ങൾ നൗഫലിന്റെയും സുവൈക്കിലെ സാമൂഹ്യപ്രവർത്തകരായ വിനോദ്, ഷാഫി, മുഹമ്മദ്, അനികുട്ടൻ, രാജീവ്അമ്പാടി എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിക്കവേ, തീർത്തും അവശനായതിനെത്തുടർന്ന് അദ്ദേഹത്തെ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കേണ്ടി വന്നു. 40 ദിവസത്തോളം അൽഖുഔദ് ബദർ അൽ സമ ഹോസ്പിറ്റൽ ഐസിയുവിൽ കിടന്ന അദ്ദേഹം സാവധാനം ജീവിതത്തിലേക്ക് തിരിച്ചുവരികയായിരുന്നു.

ചികിത്സ ചിലവായ ഭീമമായ തുക രവീന്ദ്രൻനായരുടെ സഹപ്രവർത്തകരും ഇന്ത്യൻ സോഷ്യൽ ക്ലബ് ചാരിറ്റി വിങ്ങ്, ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് കേരളവിഭാഗം എന്നിവർ ചേർന്ന് നൽകി. ഇന്ത്യൻ എംബസിയുടെ സഹായവും അഭ്യർത്ഥിച്ചു. ഒറ്റയ്ക്കുള്ള വിമാനയാത്ര സാധ്യമാകാത്തതിനാൽ, നാട്ടിലുള്ള അദ്ദേഹത്തിന്റെ മരുമകനെ ഒമാനിലേത്തിച്ചാണ് മടക്കയാത്രക്ക് സാമൂഹ്യ പ്രവത്തകർ വഴിയൊരുക്കിയത്.

12 വർഷത്തെ ദുരിതജീവിതത്തിനു വിരാമമിട്ട് നാടണയുന്ന രവീന്ദ്രൻനായരെ യാത്രയാക്കാൻ രണ്ടു മാസത്തോളം വിശ്രമമില്ലാതെ പ്രവർത്തിച്ച സാമൂഹ്യ പ്രവർത്തകരായ നൗഫൽ, മനോജ് പെരിങ്ങേത്ത് ,സംബശിവൻ, സുധാകരൻ, പി ടി അനിൽകുമാർ, പ്രസാദ്, സജിത്ത് എന്നിവരും വിമാനത്താവളത്തിൽ എത്തിയിരുന്നു.