Pravasam

ഒമ്പതാമത് ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് (ബിആർഐ) ഉച്ചകോടിയിൽ യുഎഇ പങ്കെടുക്കും

ദുബായ് > ഹോങ്കോങ്ങിൽ നടക്കുന്ന ഒമ്പതാമത് ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് (ബിആർഐ) ഉച്ചകോടിയിൽ യുഎഇ പങ്കെടുക്കും. സെപ്റ്റംബർ 11-12 തീയതികളിലാണ് ഉച്ചകോടി. “ബിൽഡിംഗ് എ കണക്റ്റഡ്, ഇന്നൊവേറ്റീവ്, ഗ്രീൻ ബെൽറ്റ് ആൻഡ് റോഡ്” എന്നതാണ് ഉച്ചകോടിയുടെ പ്രമേയം. 65 രാജ്യങ്ങളുടെ പങ്കാളിത്തം ഉച്ചകോടിയിൽ കാണും.

2013 ൽ ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിംഗ് സ്ഥാപിച്ച ബിആർഐ, ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളെ കര, നാവിക മാർഗങ്ങളിലൂടെ ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന ഒരു ബൃഹത്തായ ഇൻഫ്രാസ്ട്രക്ചർ, നിക്ഷേപ പദ്ധതിയാണ്. കിഴക്കൻ ആഫ്രിക്കയിലെ ബിആർഐ പദ്ധതികളെ പിന്തുണയ്ക്കുന്നതിനായി യുഎഇ-ചൈന സംയുക്ത നിക്ഷേപ സഹകരണ ഫണ്ടിൽ യുഎഇ 10 ബില്യൺ ഡോളർ (36 ബില്യൺ ദിർഹം) നിക്ഷേപിച്ചു.

ഹോങ്കോങ്ങുമായുള്ള യുഎഇയുടെ മൊത്തം എണ്ണ ഇതര വ്യാപാരം 2022ൽ 12 ബില്യൺ ഡോളറിലെത്തിയിരുന്നു. 10 വർഷത്തിനുള്ളിൽ ഏകദേശം 50 ശതമാനം വളർച്ചയാണ് കാണിക്കുന്നത്.