ദുബായ് > ദുബായ് റിസർച്ച്, ഡവലപ്മെന്റ്, ഇന്നൊവേഷൻ പുതിയ ഗ്രാന്റ് സംരംഭത്തിന് അംഗീകാരമായി. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് അംഗീകാരം നൽകിയത്. 2022 സെപ്തംബറിൽ ആരംഭിച്ച ദുബായ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായ പദ്ധതിയാണിത്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ മുന്നോട്ട് നയിക്കുന്നതിനുള്ള മേഖലകളിലെ ഗവേഷണ ധനസഹായം വർദ്ധിപ്പിക്കാൻ ഈ പദ്ധതി ലക്ഷ്യമിടുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , റോബോട്ടിക്സ് സിസ്റ്റങ്ങൾ എന്നിവയിൽ പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് കോഗ്നിറ്റീവ് സിറ്റികൾ, ഹെൽത്ത് ആൻഡ് ലൈഫ് സയൻസസ് എന്നീ രണ്ട് പ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന 20 ഗവേഷണ പദ്ധതികളെ ഈ സംരംഭം പിന്തുണയ്ക്കും. ഗവേഷണ വിഷയങ്ങളിൽ സ്മാർട്ട് മൊബിലിറ്റി, പ്രിസിഷൻ മെഡിസിൻ, ഫിൻടെക് പോലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്ലിക്കേഷനുകൾ ഉൾപ്പെടുന്നു.
ആഗോള ശാസ്ത്ര ഗവേഷണത്തിന്റെ ഒരു പ്രമുഖ കേന്ദ്രമായി ദുബായിയെ സ്ഥാപിക്കുന്നതിലും പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിലും എമിറേറ്റിന്റെ ഭാവി സന്നദ്ധത വർദ്ധിപ്പിക്കുന്നതിലും ഈ സംരംഭത്തിൻ്റെ പങ്ക് ഷെയ്ഖ് ഹംദാൻ ഊന്നിപ്പറഞ്ഞു.
ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ ഈ സംരംഭത്തിന്റെ മേൽനോട്ടം വഹിക്കും. വിജയകരമായ പദ്ധതി നിർവഹണം ഉറപ്പാക്കുന്നതിന് പ്രാദേശിക, അന്തർദേശീയ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കും.
Add Comment