ന്യൂഡൽഹി
മോഡിസർക്കാരിന് കാർഷികബില്ലുകൾ പാസാക്കൽ സുഗമമാക്കിയത് ലോക്സഭയിൽ നയിക്കാൻ ആളില്ലാത്ത കോൺഗ്രസിന്റെ അവസ്ഥ. നിക്ഷിപ്ത താൽപ്പര്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കുന്ന കോൺഗ്രസ് അംഗങ്ങൾ കാർഷികബില്ലുകൾക്കെതിരെ കാര്യമായ ശബ്ദമുയർത്തിയില്ല.
വോട്ടെടുപ്പ് വേണമെന്ന് പേരിനു ആവശ്യപ്പെട്ടുവെങ്കിലും ചെയർ ശബ്ദവോട്ടോടെ ബില്ലുകൾ പാസാക്കിയപ്പോൾ പ്രതികരിച്ചില്ല. പ്രതിപക്ഷത്തെ ഏകോപിപ്പിച്ച് പ്രതിരോധിക്കുന്നതിലും വീഴ്ച വരുത്തി. സോണിയഗാന്ധിയും രാഹുൽഗാന്ധിയും ചൊവ്വാഴ്ചയാണ് അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയത്. സോണിയയുടെ വൈദ്യപരിശോധനക്കാണ് ഇത്തവണത്തെ യാത്രയെങ്കിലും പാർലമെന്റ് സമ്മേളിക്കുമ്പോഴെല്ലാം രാജ്യം വിടുന്നത് പതിവാണ്. കോൺഗ്രസ് ലോക്സഭ കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരിയാകട്ടെ ഒറ്റയാനെപ്പോലെയാണ് പ്രവർത്തിക്കുക. ഇതേച്ചൊല്ലി മനീഷ് തിവാരിയും കേരളത്തിൽനിന്നുള്ള ചില അംഗങ്ങളും പരിഭവത്തിലാണ്. അധീർ രഞ്ജനെ ഈയിടെ ബംഗാൾ പിസിസി അധ്യക്ഷനായും നിയമിച്ചു. കക്ഷിനേതാവ് സ്ഥാനം മറ്റാർക്കെങ്കിലും നൽകുമെന്ന് ധാരണ ഉണ്ടായെങ്കിലും തീരുമാനം എടുക്കാനായിട്ടില്ല. അധീർ രഞ്ജന്റെ പരാമർശങ്ങൾ പലതവണ സഭയിൽ കോൺഗ്രസിനെ വെട്ടിലാക്കിയിട്ടുണ്ട്.
സഭയിൽ സ്വീകരിക്കേണ്ട നിലപാടുകളുടെ കാര്യത്തിൽ പ്രതിപക്ഷകക്ഷികളുമായി കൂടിയാലോചന നടത്താനും കോൺഗ്രസ് മടിക്കുന്നു.
കേരളത്തിൽനിന്നുള്ള കോൺഗ്രസ് അംഗങ്ങളുടെ ശ്രദ്ധ സംസ്ഥാന സർക്കാരിനെതിരെ ആക്ഷേപങ്ങൾ ചൊരിയുന്നതിലാണ്. ശൂന്യവേളയും ചോദ്യോത്തരങ്ങളും ഇതിനായാണ് വിനിയോഗിക്കുന്നത്. ഇതിന്റെ സ്വാഭാവികപരിണാമമാണ് കാർഷികബില്ലുകളുടെ കാര്യത്തിൽ സംഭവിച്ചത്. ചർച്ചയിൽ പങ്കെടുത്തതല്ലാതെ ഫലപ്രദമായ പ്രതിരോധമുയർത്താൻ കോൺഗ്രസിനായില്ല.
Add Comment