Pravasam

ബഹ്‌റൈനിൽ 457 തടവുകാർക്ക് രാജാവ് മാപ്പ് നൽകി

മനാമ > ബഹ്റൈനിൽ 457 തടവുകാർക്ക് രാജാവ് ഹമദ് ബിൻ ഇസാ അൽ ഖലീഫ മാപ്പ് നൽകി. രാജാവിന്റെ സ്ഥാനാരോഹണത്തിന്റെ രജത ജൂബിലി പ്രമാണിച്ചാണ് നടപടി. രാജകീയ മാപ്പിന്റെ പാശ്ചാത്തലത്തിൽ നിരവധി തടവുകാർ വ്യാഴാഴ്ച മോചിതരായി. ബുധനാഴ്ച രാത്രിയാണ് തടവുകാർക്ക് മാപ്പ് നൽകിയുള്ള രാജകൽപ്പന പുറപ്പെടുവിച്ചത്. മാപ്പ് ലഭിച്ചവർ ആരൊക്കയാണെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാൽ, മോചിതരായവരിൽ രാഷ്ട്രീയ തടവുകാരും ഉൾപ്പെടുമെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

അഞ്ചുമാസം മുൻപ് 1,500-ലധികം തടവുകാർക്ക് ബഹ്റൈൻ രാജാവ് മാപ്പ് നൽകിയിരുന്നു. സമീപ വർഷങ്ങളിലെ ഏറ്റവും വലിയ പൊതുമാപ്പായിരുന്നു അത്. സിൽവർ ജൂബിലി ആഘോഷത്തിൽ 457 തടവുകാർക്ക് മാപ്പ് നൽകി രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ പുറപ്പെടുവിച്ച രാജകീയ ഉത്തരവിനെ വിദേശകാര്യ മന്ത്രിയും ദേശീയ മനുഷ്യാവകാശ സമിതി ചെയർമാനുമായ ഡോ. അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനി അഭിനന്ദിച്ചു.

രാജകീയ ഉത്തരവിനെ ഓംബുഡ്സ്മാനും ജയിൽപുളളികളുടെയും തടവുകാരുടെയും അവകാശ കമ്മീഷൻ (പിഡിആർസി) ചെയർപേഴ്സണുമായ ഗദാ ഹമീദ് ഹബീബ് അഭിനന്ദിച്ചു.