അബുദാബി> മലയാളം മിഷൻ അബുദാബി മേഖലയുടെ കീഴിൽ നടന്നുവരുന്ന മലയാളം മിഷൻ അധ്യാപകർക്ക് ഡിജിറ്റൽ അധ്യാപക പരിശീലനം സംഘടിപ്പിച്ചു.49 അധ്യാപകരെ നാല് ഗ്രൂപ്പുകളായി തരം തിരിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നാല് ദവസങ്ങളിലായാണ് പരിശീലനം നൽകിയത്.
കോവിഡ് പശ്ചാത്തലത്തിൽ വിവിധ സാങ്കേതിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെ മലയാളം ക്ലാസുകൾ നടത്തിവരുന്ന ലോക മെമ്പാടുമുള്ള മലയാളം മിഷൻ ക്ലാസുകൾക്ക് ഏകീകൃത സ്വഭാവം കൈവരിക്കുന്നതിന്റെ ഭാഗമായാണ് അബുദാബിയിൽ ഡിജിറ്റൽ അധ്യാപക പരിശീലനം നൽകിയത്.
ഗൂഗിൾ ക്ലാസ്റൂമുകൾക്ക് രൂപം നൽകുകയും അതുവഴി ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകൾ ഉപായഗോപ്പെടുത്തി മലയാള ഭാഷാ പഠനം ഏറ്റവും അനായാസവും രസകരവുമാക്കിത്തീർക്കുക എന്ന ലക്ഷ്യവുമായി മലയാളം മിഷൻ കേന്ദ്ര ഘടകത്തിൽ നിന്നും പരിശീലനം ലഭിച്ച അധ്യാപകരായിരുന്നു മറ്റു അധ്യാപകരെയും പരിശീലിപ്പിച്ചത്.
അബുദാബി കേരള സോഷ്യൽ സെന്ററിന്റെ കീഴിൽ നടന്നുവരുന്ന മലയാളം മിഷന്റെ 38 സെന്ററുകളിലെ 43 അധ്യാപകർക്ക് പ്രീത നാരായണൻ, ബിന്ദു ഷോബി, ഐശ്വര്യ ഗൗരി നാരായണൻ എന്നിവരും അബുദാബി മലയാളി സമാജത്തിന്റെ കീഴിൽ നടന്നുവരുന്ന മലയാളം മിഷന്റെ 5 സെന്ററുകളിലെ 6 അധ്യാപകർക്ക് മഞ്ജു സുധീറുമാണ് പരിശീലനം നൽകിയത്. ബിജു തൊണ്ടിൽ, മനോരഞ്ജൻ എന്നിവർ സാങ്കേതിക സഹായം നൽകി.
മലയാളം മിഷൻ അബുദാബി കൺവീനർ വി. പി. കൃഷ്ണകുമാർ, കോർഡിനേറ്റർമാരായ സഫറുള്ള പാലപ്പെട്ടി, ബിജിത് കുമാർ, മലയാളി സമാജം കോർഡിനേറ്റർ എ.പി.അനിൽകുമാർ എന്നിവർ പരിശീലനങ്ങൾക്ക് നേതൃത്വം നൽകി.
Add Comment