Pravasam

സമീക്ഷ യുകെ വടംവലി മത്സരം; കിരീടം നിലനിർത്തി ഹെരിഫോർഡ് അച്ചായൻസ്; ടൂർണമെൻറിൽ നിന്നും ലഭിച്ച തുക വയനാടിന്

മാഞ്ചസ്റ്റർ > സമീക്ഷ യുകെ വടംവലി മത്സരത്തിൽ കിരീടം നിലനിർത്തി ഹെരിഫോർഡ് അച്ചായൻസ്. ഫൈനൽ പോരാട്ടത്തിൽ കൊമ്പൻസ് കാൻ്റബെറിയെ തോൽപ്പിച്ചാണ് അച്ചായൻസ് തുടർച്ചയായ രണ്ടാം കിരീടം നേടിയത്. പതിനാറ് ടീമുകൾ മാറ്റുരച്ച ടൂർണമെൻറിൽ ടൺബ്രിഡ്ജ് വെൽസ് ടസ്കേഴ്സ് കിംഗ്സ് മൂന്നാംസ്ഥാനവും തൊമ്മനും മക്കളും ഈസ്റ്റ് ബോൺ നാലാം സ്ഥാനവും നേടി. ഫെയർ പ്ലേ അവാർഡ് സ്വന്തമാക്കിയത് ബ്രാഡ്ഫോഡിൽ നിന്നുള്ള പുണ്യാളൻസ് ടീമാണ്. മികച്ച കമ്പവലിക്കാരനായി ഹെരിഫോർഡ് അച്ചായൻസിലെ അനൂപ് മത്തായി തെരഞ്ഞെടുക്കപ്പെട്ടു. ഒന്നാം സ്ഥാനക്കാർക്ക് 1501 പൗണ്ടും ട്രോഫിയും സമ്മാനിച്ചു. 751 പൗണ്ടാണ് രണ്ടാം സ്ഥാനക്കാർക്ക് നൽകിയത്. മൂന്നും നാലും സ്ഥാനക്കാർക്ക് 501 പൗണ്ടും 251 പൗണ്ടും കൈമാറി. അഞ്ച് മുതൽ എട്ട് സ്ഥാനം വരെയുള്ളവർക്ക് പ്രോത്സാഹന സമ്മാനമായി 101പൗണ്ട് നൽകി. ഫെയർ പ്ലേ അവാർഡിന് 101 പൗണ്ടും മികച്ച വടംവലിക്കാരന് 51 പൗണ്ടുമാണ് സമ്മാനിച്ചത്.

മാഞ്ചസ്റ്റർ സിറ്റി കൗൺസിൽ സ്പോർട്സ് സ്ട്രാറ്റജി ഓഫീസർ ഹീത് കോൾ ടൂർണമെൻറ് ഉദ്ഘാടനം ചെയ്തു. സമീക്ഷ നാഷണൽ സെക്രട്ടറി ദിനേഷ് വെള്ളാപ്പള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടേറിയറ്റ് മെമ്പറും സ്പോർട്സ് കോഡിനേറ്ററുമായ ജിജു സൈമൺ സ്വാഗതം പറഞ്ഞു. നാഷണൽ വൈസ് പ്രസിഡൻറ് ഭാസ്കരൻ പുരയിൽ, മാഞ്ചസ്റ്റർ യൂണിറ്റ് സെക്രട്ടറി ഷിബിൻ കാച്ചപ്പള്ളി എന്നിവർ സംസാരിച്ചു. നാഷണൽ കമ്മിറ്റി അംഗവും വടംവലി കോർഡിനേറ്ററുമായ അരവിന്ദ് സതീഷ് നന്ദി പറഞ്ഞു. വിശിഷ്ടാതിഥികളും ടീം ക്യാപ്റ്റൻമാരും ചേർന്ന് ദീപം തെളിയിച്ചു. ദിനേഷ് വെള്ളാപ്പള്ളി, ഭാസ്കരൻ പുരയിൽ, ജിജു സൈമൺ, അരവിന്ദ് സതീഷ്, അഡ്വ.ദിലീപ് കുമാർ, ഉണ്ണികൃഷ്ണൻ ബാലൻ,ശ്രീകാന്ത് കൃഷ്ണൻ , രാജി ഷാജി, ഗ്ലീറ്റർ, സുജീഷ് കെ അപ്പു, പ്രവീൻ രാമചന്ദ്രൻ, ബൈജു ലിസെസ്റ്റർ, വിനു ചന്ദ്രൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ബിജോ പറശേരിലും സെബാസ്റ്റ്യൻ എബ്രഹാമുമാണ് മത്സരം നിയന്ത്രിച്ചത്. സാലിസ്ബറിയിൽ നിന്നുള്ള ജയേഷ് അഗസ്റ്റിൻ അനൗൺസ്മെൻ്റ് നടത്തി. വടംവലി മത്സരത്തിൽ നിന്ന് ലഭിച്ച തുക ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ വയനാട് മുണ്ടക്കൈ ഗ്രാമത്തിൻറെ പുനർനിർമാണത്തിനായി ചിലവഴിക്കും. ദുരന്തത്തിൽ വീട് നഷ്ടമായ ഒരു കുടുംബത്തിന് സ്നേഹഭവനം നിർമ്മിച്ചുനൽകാനും സമീക്ഷ തീരുമാനിച്ചിട്ടുണ്ട്. മത്സരവേദിയോട് ചേർന്ന് ചായക്കട നടത്തിയും സമീക്ഷ പണം സ്വരൂപിച്ചിരുന്നു. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരാണ് മത്സരം കാണാൻ വിതൻഷോവ് പാർക്ക് അത്ലറ്റിക് സെൻററിൽ എത്തിയത്. അടുത്ത വർഷം കൂടുതൽ ടീമുകളെ പങ്കെടുപ്പിക്കാനാണ് സംഘാടകരുടെ തീരുമാനം. ലൈഫ് ലൈൻ ഇൻഷുറൻസ് സർവീസ്, ഡെയ്ലി ഡിലൈറ്റ്, ഏലൂർ കൺസൽട്ടൻസി, ആദിസ് എച്ച്ആർ ആൻറ് അക്കൗണ്ടൻസി സൊലൂഷൻസ്, ലെജൻറ് സോളിസിറ്റേഴ്സ് എന്നിവരായിരുന്നു ടൂർണമെൻറിൻറെ പ്രായോജകർ.