Politics

സുശാന്ത്‌ കേസ്‌: ദീപിക പദുക്കോണിനെ ചോദ്യം ചെയ്തേക്കും

മുംബൈ> ആത്മഹത്യചെയ്ത നടൻ സുശാന്ത് സിങ്ങുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ ബോളിവുഡ് നടി ദീപിക പദുക്കോണിനെയും നാർക്കോട്ടിക്സ് ക്രൈം ബ്യൂറോ (എൻസിബി) ചോദ്യം ചെയ്തേക്കും. നടിയുടെ മാനേജർ കരീഷ്മ പ്രകാശിനോടും ഇവർ ജോലിചെയ്യുന്ന ടാലന്റ് മാനേജ്മെന്റ് ഏജന്സി ‘ക്വാന്’ന്റെ മേധാവി ദ്രുവ് ചിട്ഗോപേകറിനെയും ഹാജരാകാൻ എൻസിബി ആവശ്യപ്പെട്ടു.

ദീപികയും കരീഷ്മയും തമ്മിൽ കൈമാറിയ വാട്സാപ് സന്ദേശത്തിൽ മയക്കുമരുന്ന് ആവശ്യപ്പെടുന്ന തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സുശാന്തിന്റെ മാനേജരായ ശ്രുതി മോദി, മുന് ടാലന്റ് മാനേജരായ ജയ സാഹ എന്നിവരെ കഴിഞ്ഞ ദിവസം അന്വേഷകസംഘം ചോദ്യം ചെയ്തിരുന്നു.

കേസിൽ അറസ്റ്റിലായ നടി റിയ ചക്രബർത്തി, സഹോദരൻ ഷോവിക് തുടങ്ങിയവരുടെ ജുഡീഷ്യൾ കസ്റ്റഡി 14 ദിവസത്തേക്ക് നീട്ടി. റിയയുടെയും സഹോദരന്റെയും ജാമ്യാപേക്ഷ മുംബൈ ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും.