KUWAIT Pravasam

സാമ്പത്തിക ക്രമക്കേട്; ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പുറത്താക്കി

റിയാദ്: സാമ്പത്തികാരോപണത്തെ തുടര്‍ന്ന് ദമ്മാം സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പുറത്താക്കി. സ്‌കൂള്‍ രക്ഷാധികാരി ഇന്ത്യന്‍ അംബാസഡര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ സുബൈര്‍ ഖാനെ പുറത്താക്കിയത്. മുന്‍ ചെയര്‍മാനും ഫിനാന്‍സ് കമ്മിറ്റി അംഗവുമായ കലിം അഹമ്മദിനെ ഭരണ സമിതിയില്‍ അയോഗ്യനാക്കുകയും ചെയ്തു.

സ്‌കൂള്‍ ചെയര്‍മാന്‍ ചൊവ്വാഴ്ച ഉച്ചയോടെ രക്ഷിതാക്കള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് പ്രിന്‍സിപ്പലിനും കമ്മിറ്റി അംഗത്തിനും എതിരെ സ്വീകരിച്ച നടപടിയെ കുറിച്ച് വെളിപ്പെടുത്തിയത്. സ്‌കൂളിന്റെ അന്തസത്ത നിലനിര്‍ത്തുന്നതിലും സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിലും സ്‌കുള്‍ നിയമങ്ങള്‍ പിന്തുടരുന്നതിലും വീഴ്ചവരുത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. മൂന്നു പതിറ്റാണ്ടിലേറെ സ്‌കൂളിലെ ഫിനാന്‍സ് ഓഫീസറായിരുന്ന അന്‍സാരിയെ രണ്ട് മാസം മുമ്പ് കാരണം കാണിക്കാതെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയിരുന്നു. ഈ കാര്യം ഭരണസമിതിയില്‍ ചര്‍ച്ചചെയ്യാന്‍ പോലും പ്രിന്‍സിപ്പല്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് പുറത്തായ ഫിനാന്‍സ് ഓഫീസര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. കഴിഞ്ഞയാഴ്ച അംബാസഡര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം സ്‌കൂളിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.