Pravasam

മാരിബ് ആക്രമണം: യുഎൻ ഇടപെടണമെന്ന് യെമൻ

മനാമ > യെമനിലെ കിഴക്കൻ ഗവർണറായ മാരിബിൽ ഹൂതി ആക്രമണത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ അടിയന്തരമായി യോഗം വിളിച്ചു ചേർക്കണമെന്ന് യെമൻ സർക്കാർ യുഎൻ സുരക്ഷാ സമതിയോട് ആവശ്യപ്പെട്ടു. ജനസാന്ദ്രതയുള്ള മാരിബ് ഗവർണറേറ്റിനു നേരെ ബാലിസ്റ്റിക് മിസൈലുകളുപയോഗിച്ച് ഹുതികൾ ആക്രമണം തുടരുകയാണെന്നും ആൾനാശത്തിന്റെ വിശദാംശങ്ങൾ നൽകുന്നില്ലെന്നും യെമൻ മനുഷ്യാവകാശ മന്ത്രാലയത്തെ ഉദ്ധരിച്ച് സബാ വാർത്താ ഏജൻസി പറഞ്ഞു.
മാരിബ് ഗവർണറേറ്റിനെ ലക്ഷ്യമിട്ടുള്ള ആക്രമണം 25 ലക്ഷം യെമൻ പൗരന്മാരെ ആസന്നമായ അപകടത്തിലേക്ക് തള്ളിവിടുകയാണെന്നും പ്രാദേശിക ജനതയ്ക്കും ഗോത്രവർഗക്കാർക്കുമെതിരായ വംശഹത്യയും കൂട്ടക്കൊലയും തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ കിഴക്കൻ ഭാഗത്തെ അവസാനത്തെ സർക്കാർ ശക്തി കേന്ദ്രമാണ് എണ്ണ സമ്പന്നമായ മാരിബ് ഗവർണറേറ്റ്. ആഗസ്ത് പത്തോടെയാണ് ഈ ഗവർണറേറ്റിനെ ലക്ഷ്യമിട്ട് ഹുതികൾ ആക്രമണം ശക്തമാക്കിയത്. മജ്സർ ജില്ല, വടക്കു പടിഞ്ഞാറൻ അൽ-ഖദ്കര. അൽ നുദൂദ്, മജ്സാർ എന്നിവടങ്ങളിൽ കനത്ത സൈനിക ഏറ്റുമുട്ടലാണ് കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തത്. സർക്കാരും ഹൂതി ഗ്രൂപ്പും തമ്മിൽ ചർച്ചകൾ ജനീവയിൽ തുടരുകയാണ്.

അതിനിടെ, യെമനിലെ ഹുതി മിലിഷ്യ വിക്ഷേപിച്ച സൈനീക പ്രൊജക്ടൽ വീണ് സൗദിയിൽ അഞ്ചു പേർക്ക് പരിക്കേറ്റു. തെക്കു പടിഞ്ഞാറൻ സൗദിയിലെ ജിസാനിലെ ഗ്രാമത്തിലാണ് പ്രൊജക്ടൽ പതിച്ചതെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. അൽ ഹറത്ത് ഗവർണറേറ്റിലെ അതിർത്തി ഗ്രാമമാണിത്. ശനിയാഴ്ച രാത്രി നടന്ന ആക്രമണത്തിൽ മൂന്നു കാറുകൾക്ക് കേടുപാടുപറ്റി. പ്രൊജക്ടൽ ഭാഗങ്ങൾ പതിച്ചാണ് പരിക്ക്. ഇവ ഗുരുതരമല്ലെന്ന് സിവിൽ ഡിഫൻസ് ഡയറക്ടറേറ്റിന്റെ വക്താവ് മുഹമ്മദ് ബിൻ യഹ്യ അൽ ഗാംദി പറഞ്ഞു. യെമൻ ഭാഗത്തു നിന്നാണ് ഹൂതികൾ ആക്രമണം നടത്തിയത്.