Politics

ഗുരു സർവകലാശാല മറ്റൊരു പൊൻതൂവൽ

മാനവികത, സമത്വം, സ്വതന്ത്രചിന്ത, യുക്തിബോധം, സാമൂഹ്യപ്രവണതകളെ ഏറെക്കുറെ കൃത്യമായി അടയാളപ്പെടുത്തൽ, അനൗപചാരിക ബോധനം ‐ തുടങ്ങി കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങൾ ഉയർത്തിപ്പിടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത മൂല്യങ്ങൾ നിരവധിയാണ്. അതുവരെ തീർത്തും അപരിചിതമായ അത്തരം ചുവടുവയ്പിൽ ശ്രീനാരായണ ഗുരു നൽകിയ ഉജ്വലങ്ങളായ സംഭാവനകൾ ചരിത്രപരവും. അനൗപചാരിക വിദ്യാഭ്യാസത്തിന്റെ ആദ്യ പ്രചാരകരിലൊരാളായി അറിയപ്പെടുന്ന അദ്ദേഹത്തിന്റെ പ്രധാന ആഹ്വാനങ്ങളിലൊന്ന് ‘സംഘടിച്ച് ശക്തരാകുക, വിദ്യനേടി പ്രബുദ്ധരാകുക’ എന്നതായിരുന്നല്ലോ. കേരളീയ നവോത്ഥാന മുന്നേറ്റത്തിലെ ജ്വലിക്കുന്ന അഗ്നിനാളമായ ശ്രീനാരായണഗുരുവിന്റെ പേരിൽ കൊല്ലം ആസ്ഥാനമായി ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് ഓപ്പൺ സർവകലാശാല നിലവിൽവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത് മലയാളികൾക്കാകെ അഭിമാനമാണ്.

ആധുനിക കേരളസൃഷ്ടിയിൽ സമാനതകളില്ലാത്ത കൂട്ടിച്ചേർക്കലുകൾ നടത്തിയ ഗുരുവിന് ഏറ്റവും ഉചിതമായ സ്മാരകമാകുമത്. ഇതോടൊപ്പം അറബിക് ഇൻസ്റ്റിറ്റ്യൂട്ടും സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും ശ്രദ്ധേയം. അതിന് യോജിച്ച സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ഷാർജ ഭരണാധികാരി ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിം 2017 സെപ്തംബർ 22ന് കേരളം സന്ദർശിച്ചപ്പോൾ അറബിക് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനെക്കുറിച്ച് ചർച്ച നടക്കുകയുണ്ടായി.

ഇനിമുതൽ സംസ്ഥാനത്തിന്റെ വിദൂര വിദ്യാഭ്യാസ പഠന സംവിധാനങ്ങളുടെ ഒറ്റ കേന്ദ്രമാകും ഓപ്പൺ സർവകലാശാല. കേരള, കലിക്കറ്റ്, എംജി, കണ്ണൂർ സർവകലാശാലകളിലെ വിദൂര പഠനകോഴ്സുകളും പ്രൈവറ്റ് രജിസ്ട്രേഷൻ കോഴ്സുകളും അതിന്റെ കീഴിലേക്ക് മാറ്റും. ഡൽഹിയിലെ ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി(ഇഗ്നോ), ഹൈദരാബാദിലെ ഡോ. ബി ആർ അംബേദ്കർ ഓപ്പൺ യൂണിവേഴ്സിറ്റി എന്നിവയുടെ മാതൃകയിലായിരിക്കും പ്രവർത്തനം. അക്കാദമിക് ആൻഡ് റിസർച്ച് കൗൺസിൽ, ഡയറക്ടേഴ്സ് കൗൺസിൽ, സ്കൂൾ ഓഫ് സ്റ്റഡീസ് എന്നിങ്ങനെ മൂന്നു തട്ടാണ് ഘടന. കോഴ്സുകൾ പൂർണമായും ഓൺലൈനിലാണ് വിഭാവനം ചെയ്തിട്ടുള്ളത്. കൊറോണാ വ്യാപനത്തെ തുടർന്ന് ഓൺലൈൻ കോഴ്സുകളും ക്ലാസുകളും നടത്തുന്ന വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ പ്രസക്തി ഒരിക്കലുമില്ലാത്തവിധം ഏറിയിട്ടുമുണ്ട്. അതുപോലെ റെഗുലർ കോഴ്സുകൾ താങ്ങാനാകാത്ത അശരണർക്ക് ആശ്രയവുമാകും.

നിലവിലുള്ള വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങളുടെയും ലൈബ്രറികളും ലബോറട്ടറികളും ഉൾപ്പെടെ സർക്കാർ‐ എയ്ഡഡ് കോളേജുകളുടെയും അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയാകും കോഴ്സുകളുടെ നടത്തിപ്പ്. വയസ്സ് നിബന്ധനയില്ലാതെ ഏതു പ്രായത്തിലുള്ളവർക്കും പഠിക്കാൻ ഓപ്പൺ സർവകലാശാല അവസരമൊരുക്കും. പല കാരണങ്ങളാൽ കോഴ്സ് പൂർത്തിയാക്കാതെ പാതിവഴിയിൽ പഠനം നിർത്തുന്നവർക്ക് അതുവരെയുള്ള നിലവാരമനുസരിച്ച് ഡിപ്ലോമ സർട്ടിഫിക്കറ്റ് നൽകുമെന്നത് ആകർഷണീയമായ പുതുമയുള്ള സംവിധാനമാണ്. ഓരോ വിഷയത്തിലും ദേശീയ, അന്തർദേശീയ മേഖലയിൽ അതിപ്രഗൽഭരായ ട്രെയിനർമാരുടെയും അധ്യാപകരുടെയും വിദഗ്ധരുടെയും ഓൺലൈൻ ക്ലാസുകൾ ഉൾപ്പെടെയാണ് കോഴ്സുകളുടെ ഉള്ളടക്കം നിശ്ചയിക്കുക. പരിചിതവും പരമ്പരാഗതവുമായ കോഴ്സുകൾക്കൊപ്പം നൈപുണ്യ വികസന കോഴ്സുകളും നടത്തും. സർവകലാശാല ഏറ്റെടുക്കുന്ന തനതായ ശാസ്ത്ര‐ മാനവിക വിഷയങ്ങളിലുള്ള കോഴ്സുകൾ വേറെ. വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് മലയാളം അഭ്യസിക്കുന്നതിനുള്ള സംവിധാനം, തൊഴിലധിഷ്ഠിത ‐ഡിപ്ലോമ കോഴ്സുകൾ എന്നിവയും ഉണ്ടാകും. വൈസ്ചാൻസലർ, പ്രൊ വൈസ് ചാൻസലർ തുടങ്ങി സുപ്രധാന ചുമതലക്കാരെ ഉടൻ നിയമിക്കാനും തീരുമാനിച്ചു കഴിഞ്ഞു.

നിശ്ചിത നാക് യോഗ്യതയില്ലാത്ത സർവകലാശാലയ്ക്ക് വിദൂരപഠന വിഭാഗം അനുവദിക്കാനാകില്ലെന്ന യൂണിവേഴ്സിറ്റി ഗ്രാൻഡ്സ് കമീഷന്റെ (യുജിസി) ന്യായീകരണമില്ലാത്ത ശാഠ്യത്തെ തുടർന്ന് സംസ്ഥാനത്ത് ഓപ്പൺ സർവകലാശാല സ്ഥാപിക്കാൻ 2009ൽത്തന്നെ അന്നത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ആലോചന തുടങ്ങിയിരുന്നു. ഇഗ്നോ മുൻ വൈസ് ചാൻസലറും വിദ്യാഭ്യാസ വിചക്ഷണനുമായ രാം ജി തക്വാലെയുടെ നേതൃത്വത്തിൽ മൂന്നംഗ കമ്മിറ്റിയുടെ റിപ്പോർട്ടായിരുന്നു അതിന്റെ അടിസ്ഥാനം. ആ കമ്മിറ്റിയുടെ ശുപാർശകൾ വിപുലമാക്കാൻ ജെ പ്രഭാഷിനെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചത് പരിശ്രമങ്ങൾക്ക് പുതുജീവൻ നൽകി. സമയം പാഴാക്കാതെ അദ്ദേഹം ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന് റിപ്പോർട്ട് സമർപ്പിക്കുകയുണ്ടായി. ഈ ഗാന്ധി ജയന്തി ദിനത്തിൽ ഓപ്പൺ സർവകലാശാല യാഥാർഥ്യമാകുമ്പോൾ വിദ്യാഭ്യാസത്തിന്റെ ജനകീയ‐ ജനാധിപത്യവൽക്കരണത്തിൽ വലിയ കുതിപ്പിനാണ് തുടക്കമാകുക. അതിലൂടെ സർക്കാരിന്റെ നേട്ടങ്ങളുടെ തൊപ്പിയിൽ ഒരു പൊൻതൂവൽകൂടി.