Pravasam

യുഎഇ കോവിഡിനെ മറികടന്നുവെന്ന് അബുദബി കിരീടവകാശി

മനാമ > യുഎഇ വിജയകരമായി കോവിഡ് പ്രതിസന്ധിയെ മറികടന്നതായി അബുദബി കിരിടവകാശി മുഹമ്മദ് ബിന് സായിദ് അല് നഹ്യാന് പറഞ്ഞു. രാജ്യം കൂടുതല് ശക്തമായി ഉയര്ന്നുവന്നു. ഈ വെല്ലുവിളിയില് നിന്ന് ധാരാളം പാഠങ്ങളും അനുഭവങ്ങളും പഠിച്ചു. യുഎഇയിലെ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിയതായും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. രാജ്യത്തെ ആരോഗ്യസ്ഥിതി സുരക്ഷിതവും ആശ്വാസകരവുമാണ്. ആഗസ്ത് ആദ്യം മുതല് യുഎഇയില് പുതിയ കോവിഡ് 19 കേസുകളുടെ റിപ്പോര്ട്ട് ക്രമാതീതമായി കുറയുന്നതിനു ശേഷമാണ് ഷെയ്ഖ് മുഹമ്മദിന്റെ ആശ്വാസകരമായ സന്ദേശം.

2020 വലിയ വെല്ലുവിളികളുള്ള ഒരു പ്രയാസകരമായ വര്ഷമായിരുന്നു. ചില രാജ്യങ്ങള് വലിയ ബുദ്ധിമുട്ടുകള് നേരിട്ട സമയത്ത്, പ്രതിസന്ധിയില് നിന്ന് ശക്തമായി ഉയര്ന്നുവന്ന ആദ്യ രാജ്യങ്ങളിലൊന്നാകാന് യുഎഇക്ക് കഴിഞ്ഞു. വാക്സിനുകളുടെ ലഭ്യത, തുടര്ച്ചയായ പിസിആര് ടെസ്റ്റുകള്, യുഎഇയിലും ലോകമെമ്പാടുമുള്ള ചില രാജ്യങ്ങളിലുമുള്ള ആധുനിക ചികിത്സകളുടെ ലഭ്യത എന്നീ മൂന്നു ഘടകങ്ങളാണ് സാധാരണ ജീവിതത്തിന്റെ തിരിച്ചുവരവിനു കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് പുതുതായി കണ്ടെത്തിയ കേസുകള് 500 ല് താഴെ കേസുകളിലേക്ക് കുറഞ്ഞത് കോവിഡ് നിയന്ത്രണത്തിലാണെന്നും മുമ്പത്തേക്കാളും അപകടകരമല്ലെന്നും സൂചിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച 176 പുതിയ കോവിഡ് കേസുകളും ഒരു മരണവുമാണ് യുഎഇ രേഖപ്പെടുത്തിയത്. ആഗസ്ത് മൂന്നിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്.