Pravasam

അറബ് ഹെൽത്ത് എക്സിബിഷന് തുടക്കമായി

ദുബായ്> അറബ് ഹെൽത്ത് എക്സിബിഷന് തുടക്കമായി. യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറബ് ഹെൽത്ത് എക്സിബിഷനും 2023 കോൺഗ്രസും ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സന്നിഹിതനായിരുന്നു.

ജനുവരി 30 മുതൽ ഫെബ്രുവരി 2 വരെ ദുബായ് വേൾഡ് ട്രേഡ് സെൻ്ററിലാണ് നാല് ദിവസത്തെ ഹെൽത്ത് കെയർ സമ്മേളനം നടക്കുന്നത്. മിഡിൽ ഈസ്റ്റ് മേഖലയിലെ ഹെൽത്ത് കെയർ കമ്പനികളുടെയും സാങ്കേതികവിദ്യയുടെയും ഉൽപന്നങ്ങളുടെയും ഏറ്റവും വലിയ സമ്മേളനമാണ് അറബ് ഹെൽത്ത്. ആരോഗ്യ സംരക്ഷണത്തിലെ നവീകരണവും സുസ്ഥിരതയും” എന്നപ്രമേയത്തെ അടിസ്ഥാനപ്പെടുത്തി സംഘടിപ്പിക്കുന്ന എക്സിബിഷനിൽ 51,000-ലധികം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ സംരക്ഷണ മേഖലകളിലൊന്ന് സൃഷ്ടിക്കുന്നതിന് യുഎഇയും ദുബായും ഉയർന്ന മുൻഗണന നൽകിയിട്ടുണ്ടെന്ന് ഉദ്ഘാടന വേളയിൽ സംസാരിച്ച ശൈഖ് മുഹമ്മദ് ബിൻ റാഷിദ് പറഞ്ഞു. ലോകത്തിലെ മുൻനിര ആരോഗ്യപരിരക്ഷ വൈദഗ്ധ്യം, കഴിവുകൾ, സ്ഥാപനങ്ങൾ എന്നിവയെ ഒരുമിച്ച് കൊണ്ടുവരികയും നവീകരണത്തിന് പുത്തൻ വഴികൾ തുറക്കുകയും ചെയ്തുകൊണ്ട് ആരോഗ്യ മേഖലയിൽ ഒട്ടേറെ മാറ്റങ്ങളാണ് രാജ്യത്ത് നടക്കുന്നത്. 70-ലധികം രാജ്യങ്ങളിൽ നിന്നുള്ള 3,000-ലധികം പ്രദർശകരാണ് പരിപാടിയിൽ നൂതനമായ പുതിയ ആരോഗ്യ സംരക്ഷണ സാങ്കേതികവിദ്യകൾ പ്രദർശിപ്പിക്കുന്നത്. സമ്മേളനത്തിൽ 300-ലധികം പ്രാദേശിക, അന്തർദേശീയ പ്രഭാഷകരും മുഖ്യ പ്രസംഗങ്ങളും ശാസ്ത്രീയ പ്രഭാഷണങ്ങളും ഇൻഡസ്ട്രി ബ്രീഫിംഗുകളും ഉൾക്കൊള്ളുന്ന ഒമ്പത് തുടർച്ചയായ മെഡിക്കൽ വിദ്യാഭ്യാസ കോൺഫറൻസുകളും സംഘടിപ്പിക്കും.ഉദ്ഘാടനത്തിന് ശേഷം, ശൈഖ് മു മ്മദ് സമ്മേളനത്തിന്റെ ഭാഗമായി ഒരുങ്ങിയ പാവലിയനിൽ പര്യടനം നടത്തുകയും ജിഇ ഹെൽത്ത്കെയർ, ക്ലീവ്ലാൻഡ് ക്ലിനിക്, ഹെൽത്ത്കെയർ സ്പെയിൻ, സീമെൻസ്, ഫിലിപ്സ് തുടങ്ങി വിവിധ പ്രമുഖ കമ്പനികളുടെ സ്റ്റാൻഡുകൾ സന്ദർശിക്കുകയും ചെയ്തു.

ആരോഗ്യ പ്രതിരോധ മന്ത്രാലയം , ദുബായ് ഹെൽത്ത് അതോറിറ്റി , അബുദാബിയുടെ ആരോഗ്യ വകുപ്പ് എന്നിവർ ചേർന്നാണ് ഇത് ഒരുക്കിയത്. അറബ് ഹെൽത്ത് 2023-ൽ ആഗോളതലത്തിൽ ലോഞ്ച് ചെയ്യാനൊരുങ്ങുന്ന റെവല്യൂഷൻ ആസ്പയർ എന്ന പേരിലുള്ള ജിഇ ഹെൽത്ത്കെയറിൻ്റെ അടുത്ത തലമുറ കമ്പ്യൂട്ടേഡ് ടോമോഗ്രഫി (സിടി) സംവിധാനത്തെക്കുറിച്ചും ശൈഖ് മുഹമ്മദ് ബിൻ റാഷിദ് വിവരിച്ചു.