Pravasam

ദുബായിൽ ആരോഗ്യ ടൂറിസം ശക്തിപ്പെടുന്നു. 2021ൽ എത്തിയത്‌ 6,30,000 ആരോഗ്യ വിനോദസഞ്ചാരികൾ

ദുബായ്> ദുബായിൽ ആരോഗ്യ ടൂറിസം ശക്തിപ്പെടുന്നതായി റിപ്പോർട്ട്. 2021 ൽ ആറു ലക്ഷത്തി മുപ്പതിനായിരം ആരോഗ്യ വിനോദസഞ്ചാരികൾ ദുബായ് സന്ദർശിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി. അറബ് ട്രാവൽ മാർക്കറ്റുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇതു സൂചിപ്പിച്ചിരിക്കുന്നത്.

ആരോഗ്യ വിനോദസഞ്ചാരികളിൽ 38% ഏഷ്യൻ രാജ്യങ്ങളിൽ നിന്നും 24 ശതമാനം യൂറോപ്പിൽനിന്നും 22% അറബി ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവരും ആണ്. 55 ശതമാനം പുരുഷന്മാരും 45 ശതമാനം സ്ത്രീകളുമാണ് ഇവിടെയെത്തിയത് . ഡെർമ്മറ്റോളജി, ദന്തചികിത്സ, ഗൈനക്കോളജി എന്നീ മൂന്ന് മേഖലകളാണ് ആരോഗ്യ വിനോദസഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിച്ചിട്ടുള്ളത്.

ദുബായ് ഹെൽത്ത് ടൂറിസം ആഗോള അടിസ്ഥാനത്തിൽ മത്സര ക്ഷമതയും, മികവും നിലനിർത്തി മുന്നോട്ടു പോയതിനാൽ ഏഷ്യൻ യൂറോപ്യൻ അറബ് രാജ്യങ്ങളിൽ നിന്നും വിപുലമായ പങ്കാളിത്തമാണ് ഉണ്ടായത്. സർക്കാർ-സ്വകാര്യ ബഹുരാഷ്ട്ര സ്ഥാപനങ്ങളിൽ ഉയർന്ന തരത്തിലുള്ള ആരോഗ്യപരിപാലന വികസനവും ഉയർന്ന നിലവാരമുള്ള വൈദ്യ പരിചരണവും നൽകാൻ സാധിച്ചത് കൊണ്ടാണ് ഈ നേട്ടം കൈവരിക്കാൻ ദുബായിക്ക് കഴിഞ്ഞത്. ആരോഗ്യ ടൂറിസം മേഖലയിൽ കൂടുതൽ നിക്ഷേപം നടത്താനുള്ള പ്രോത്സാഹനം ഇത് നൽകുന്നുണ്ട് എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.