Pravasam

പരിസ്ഥിതി, കൃഷി, വന്യജീവി പഠനം: മെൽബൻ- ഷാർജ സർവകലാകൾ ഒരുമിക്കുന്നു

ഷാർജ > പരിസ്ഥിതി, കൃഷി, വന്യജീവി എന്നീ മേഖലകളിലെ പഠനത്തിനും ഗവേഷണത്തിനും പുതിയ സാദ്ധ്യതകൾ തേടുന്നതിന് ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി മെൽബൺ ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റി പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി.

ഓസ്ട്രേലിയയിലെ സർവ്വകലാശാലകളും ഇൻസ്റ്റിറ്റ്യൂട്ടുകളും ഷാർജ എമിറേറ്റിലെ പരിസ്ഥിതി, കൃഷി, വന്യജീവി പഠനത്തിൽ വലിയ സഹകരണമാണ് നൽകുന്നത്. വിത്ത് ബാങ്ക്, ഗവേഷണ കേന്ദ്രങ്ങൾ, മരുഭൂമി പഠനങ്ങൾ, പ്രത്യേക ഫാമുകൾ, കാർഷിക, പരിസ്ഥിതി, വെറ്ററിനറി സയൻസുകൾ എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രത്യേക കേന്ദ്രങ്ങൾ സ്ഥാപിക്കുകയും, ഓരോ പ്രദേശത്തിന്റെയും സ്വഭാവമനുസരിച്ച് എമിറേറ്റിലെ സർവ്വകലാശാലകൾ പ്രവർത്തനങ്ങൾ നടത്തിവരുകയും ചെയ്യുന്നുണ്ട്.

പുതിയ തലമുറയിലെ വിദ്യാർത്ഥികളെ ചുറ്റുപാടുമുള്ള പരിസ്ഥിതിയുമായി ബന്ധിപ്പിക്കുകയും, നിലവിലുള്ള പ്രാദേശിക സമൂഹത്തെ അതിന്റെ എല്ലാ പാരിസ്ഥിതിക ഘടകങ്ങളോടും കൂടി വികസിപ്പിക്കുകയും ചെയ്തു കൊണ്ട് മെച്ചപ്പെട്ട ഭാവിയും മികച്ച വിദ്യാഭ്യാസ ഫലങ്ങളും ഉറപ്പാക്കുകയാണ് എമിറേറ്റിന്റെ ലക്ഷ്യം. ഇതിനായി കൂടുതൽ പഠന ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് ഷാർജ ഭരണാധികാരി പ്രത്യേകം മുൻകൈ എടുക്കും.