Pravasam

90 വനിതാ ജഡ്ജിമാരുള്ള ആദ്യ അറബ് രാഷ്ട്രമായി കുവൈത്ത്

കുവൈത്ത് സിറ്റി > അറബ് ലോകത്തും മിഡിൽ ഈസ്റ്റിലും 90 വനിതാ ജഡ്ജിമാരെ നിയമിക്കുന്ന ആദ്യ രാജ്യമായി കുവൈത്ത് ജുഡീഷ്യറിയിൽ ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിൽ നിർണായകമായ മുന്നേറ്റം നടത്തി. 9 വനിതാ പ്രോസിക്യൂട്ടർമാരെ നിയമിക്കാൻ സുപ്രീം ജുഡീഷ്യൽ കൗൺസിൽ അനുമതി നൽകിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്യുന്നു .

ജുഡീഷ്യറി പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി 100 ഓളം വനിതാ ട്രെയിനി പ്രോസിക്യൂട്ടർമാരെയും പുതിയ ബാച്ചായി നിയമിക്കാൻ സുപ്രീം ജുഡീഷ്യൽ കൗൺസിൽ അനുമതി നൽകിയിട്ടുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ തിരഞ്ഞെടുപ്പ് വേഗത്തിലാക്കാനും ജുഡീഷ്യറിയുടെ സ്റ്റാഫിംഗ് ആവശ്യങ്ങൾ പരിഹരിക്കാനുമാണ് ഈ തീരുമാനം.

പ്രോസിക്യൂട്ടർ സ്ഥാനത്തേക്ക് സ്ത്രീകളുടെ പ്രവേശനം ആരംഭിച്ചത് മുതൽ ഇതുവരെ 15 വനിതാ പ്രോസിക്യൂട്ടർമാരെയാണ് ജഡ്ജി സ്ഥാനത്തേക്ക് ഉയർത്തിയിട്ടുള്ളത്. അവരിൽ ചിലർ പ്രതിഭ തെളിയിച്ചതിനാലും അനുഭവപരിചയവും കാരണം രാജ്യത്തെ ഏറ്റവും പ്രയാസമേറിയ കേസുകളുടെ അന്വേഷണത്തിൽ പങ്കാളികളായിട്ടുണ്ട്. സുപ്രീം ജുഡീഷ്യൽ കൗൺസിൽ പുറപ്പെടുവിച്ച പ്രമോഷനുകൾ പ്രകാരമുള്ള എല്ലാ അംഗീകൃത വനിതാ പ്രോസിക്യൂട്ടർമാരും ഭാവിയിൽ ജഡ്ജി സ്ഥാനത്തേക്ക് ഉയരുമെന്നും വൃത്തങ്ങൾ പറഞ്ഞു.