Pravasam

ഇന്ത്യൻ നഴ്‌സിങ് ജീവനക്കാർക്ക് പുതിയ മാർഗ നി‍ർദേശവുമായി കുവൈത്ത് ഇന്ത്യൻ എംബസി

കുവൈത്ത് സിറ്റി > കുവൈത്തിലെ ഇന്ത്യൻ നഴ്സിങ് ജീവനക്കാർക്കു വേണ്ടി ഇന്ത്യൻ എംബസി പുതിയ മാർഗ നിർദേശം പുറപ്പെടുവിച്ചു. രാജ്യത്തെ ഇന്ത്യക്കാരായ എല്ലാ നഴ്സിങ് /ആരോഗ്യ ജീവനക്കാർക്കും കുവൈത്ത് ആരോഗ്യ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം മുതലായ സർക്കാർ ഏജൻസികൾ സാക്ഷ്യപ്പെടുത്തിയ രേഖാമൂലമുള്ള തൊഴിൽ കരാർ ഉണ്ടായിരിക്കണെന്നാണ് നിർദേശം. ഇതിന്റെ ഇം​ഗ്ലീഷ് വിവർത്തനം ചെയ്ത പകർപ്പ് കയ്യിൽ സൂക്ഷിക്കുകയും ഇതോടൊപ്പം ഇന്ത്യൻ എംബസിയിൽനിന്ന് സാക്ഷ്യപ്പെടുത്തുന്നതും അഭികാമ്യമായിരിക്കുമെന്ന് എംബസി പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു.

ആർട്ടിക്കിൾ- 18 വിസയിൽ ജോലി ചെയ്യുന്ന പ്രവാസികൾ അവരുടെ സിവിൽ ഐഡിയിലും തൊഴിൽ കരാറിലും സൂചിപ്പിച്ചിട്ടുള്ള പദവി പ്രകാരമുള്ള ചുമതലകൾ മാത്രമേ നിർവഹിക്കാവൂ. മറ്റെന്തെങ്കിലും ജോലി ചെയ്യാൻ തൊഴിലുടമ നിർബന്ധിക്കുകയാണെങ്കിൽ പബ്ലിക് അതോറിറ്റി ഓഫ് മാൻപവറിൽ പരാതി നൽകേണ്ടതാണ്.ജോലി ചെയ്യുന്ന ഹോസ്പിറ്റലിന്/ക്ലിനിക്കിന് ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള സാധുവായ ലൈസൻസ് ഉണ്ടെന്ന് ഉറപ്പു വരുത്തുക. ഇതിനു പുറമെ ആരോഗ്യ മന്ത്രാലയത്തിൽ നിന്നും മാനവശേഷി സമിതിയിൽ നിന്നും നഴ്സിങ് സ്റ്റാഫിനായി അനുവദിക്കപ്പെട്ട മതിയായ ക്വാട്ടയും ഉണ്ടെന്ന് ഉറപ്പ് വരുത്തണം.

കുവൈത്തിലെ ഏതൊരു നഴ്സിംഗ് ജോലിയിലും അസിസ്റ്റന്റ് നഴ്സുമാർ ഉൾപ്പെടെ ജോലി ചെയ്യുന്നതിനും കുവൈത്ത് ആരോഗ്യ മന്ത്രാലയം അനുവദിച്ച സാധുവായ നഴ്സിങ് ലൈസൻസ് നിർബന്ധമാണ്. ഈ ലൈസൻസ് ഇല്ലാതെ നഴ്സിംഗുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നത് കുവൈത്ത് നിയമ പ്രകാരം ശിക്ഷാർഹമാണ്. പ്രൊഫഷനുമായി ബന്ധപ്പെട്ട ചുമതലകൾ മാത്രം നിർവഹിക്കുവാനും അംഗീകൃതമല്ലാത്ത മറ്റേതെങ്കിലും ചുമതലകൾ നിർവഹിക്കാൻ തൊഴിലുടമ നിർബന്ധിക്കുന്ന സാഹചര്യത്തിൽ മാനവശേഷി സമിതിയിൽ പരാതി നൽകുവാനും എംബസിയുടെ 65501769 എന്ന വാട്സ്ആപ്പ് നമ്പർ വഴി സഹായം അഭ്യർഥിക്കാമെന്നും എംബസി പുറത്തിറക്കിയ നിർദേശത്തിൽ അറിയിച്ചു.