Pravasam

വിദേശത്ത് മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് പുതിയ പോർട്ടൽ ആരംഭിച്ചു

വിദേശത്ത് വച്ച് മരണം സംഭവിക്കുന്ന പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് സഹായമായി ഇന്ത്യ ഗവർമെന്റിന്റെ ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം ഇ – ക്ലിയറൻസ് ഫോർ ആഫ്റ്റർ ലൈഫ് റിമൈൻസ് ( E-CARE ) എന്ന പോർട്ടൽ ആരംഭിച്ചു. https // ecare.mohfw.gov. in. എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നത് പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാനുള്ള അനുമതിക്ക് വേഗം കൂട്ടും. ഇനിമുതൽ ഈ പോർട്ടിൽ രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാണ്.

മൃതദേഹത്തിന്റെ നടപടി ക്രമങ്ങൾക്ക് വേഗത്തിലുള്ള അനുമതിയും ക്ലിയറൻസും ഉറപ്പാക്കുകയാണ് പുതിയ സംവിധാനം ലക്ഷ്യമിടുന്നത്. സമയാസമയങ്ങളിൽ അലർട്ടുകളും ലഭിക്കും. ക്ലിയറൻസ് പ്രക്രിയ ഏത് ഘട്ടത്തിൽ ആണെന്ന് സൈറ്റിൽ പരിശോധിക്കാനും സംവിധാനം ഉണ്ട്. ഇ കെയർ പോർട്ടിൽ രജിസ്റ്റർ ചെയ്താൽ സാധാരണ ഗതിയിൽ നാല് മണിക്കൂർ കൊണ്ട് കൺഫോർമേഷൻ ലഭിക്കും. വിദേശത്ത് വച്ച് പ്രവാസിയുടെ മരണം സംഭവിച്ചാൽ ആവശ്യമായ രേഖകൾ പോർട്ടലിൽ അപ്ലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്.